മാലിന്യം കുന്നുകൂടുന്നു; അധികൃതര്‍ മൗനത്തില്‍
നെയ്യാറ്റിന്‍കര: താലൂക്കിലുടനീളം മാലിന്യത്താല്‍ മൂക്കു പൊത്തി ജനം നട്ടം തിരിയുന്നു. താലൂക്കിലുടനീളം പ്രധാന കവലകളിലും സര്‍ക്കാര്‍ ആശുപത്രി പരിസരങ്ങളിലും വിജനമായ സ്ഥലങ്ങളില്‍ വരെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും അറവ് മാലിന്യത്താലും ജനം മൂക്കു പൊത്തി നടക്കാന്‍ തുടങ്ങിയിട്ട് നാളുകളെറെയായി. വെള്ളറട പഞ്ചായത്തിലെ പനച്ചമൂട് മാര്‍ക്കറ്റിലെ മത്സ്യാവശിഷ്ടങ്ങളുടെയും അറവുമാലിന്യങ്ങളുടെയും ദുര്‍ഗന്ധം കാരണം ജനം രോഗ ഭീഷണിയിലാണ്. പാറശാലയിലെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപവും ജങ്ഷനിലെ ഗാന്ധിപ്പാര്‍ക്ക്, പോസ്റ്റാഫീസ് ജങ്ഷന്‍ തുടങ്ങി പ്രധാന ഭാഗങ്ങളിലെല്ലാം മാലിന്യ കൂമ്പാരം കാണാം.
കടലോര മേഖലയായ പൂവാറിനു സമീപം നെയ്യാര്‍ കടന്നു പോകുന്ന ഭാഗത്ത് വെളളക്കെട്ടുള്ള ചതുപ്പില്‍ ടണ്‍ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യ നിക്ഷേപം കാണാന്‍കഴിയും. ഈ ഭാഗങ്ങളിലും ജനം പകര്‍ച്ച വ്യാധികളുടെ പിടിയിലാണ്. കൂടാതെ രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ അറവു മാലിന്യം എത്തിച്ച് നിക്ഷേപിക്കുന്നതും ഇവിടെയാണ്. പൊലിസിന്റെ ഭാഗത്തു നിന്നോ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്നോ യാതൊരുവിധ നടപടികളും കൈകൊള്ളുന്നില്ലെന്നും പൊതുജനങ്ങള്‍ക്കിടയില്‍ ആക്ഷേപമുണ്ട്.
നെയ്യാറ്റിന്‍കര ടൗണിലെ നഗരസഭ പ്രദേശങ്ങളായ ആശുപത്രി ജങ്ഷന്‍, കാട്ടാക്കട റോഡില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേയ്ക്കുള്ള വഴി, ഗ്രാമം, ആലുംമൂട്, ടി.ബി ജങ്ഷനിലെ നഗരസഭയുടെ മത്സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ജനങ്ങള്‍ക്ക് മൂക്ക് പൊത്താതെ നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ടി.ബി മത്സ്യമാര്‍ക്കറ്റിലെ ജൈവ മാലിന്യ സംസ്‌കരണത്തിനുളള പ്ലാന്റ് പ്രവര്‍ത്തന രഹിതമായതാണ് മാലിന്യം കുന്നുകൂടാന്‍ ഇടയായത്. നെയ്യാറ്റിന്‍കര ആലുംമൂടിന് സമീപത്തുള്ള ഏലായില്‍ നില കൊള്ളുന്ന ഈഴക്കുളം മാലിന്യ ശേഖരത്തിന്റെ കലവറയായി മാറിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഈ ഭാഗത്തുള്ള ജനങ്ങളില്‍ കൊതുകു ശല്യം കാരണം പകര്‍ച്ചപ്പനിയും ഡങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ വിട്ടുമാറാതെ വേട്ടയാടുകയാണ്. നഗരസഭയുടെ ഭാഗത്തുനിന്നും കുളം നവീകരിക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ ശക്തമായ ആക്ഷേപമുയരുകയാണ്.
മാലിന്യ നിക്ഷേപത്തിന്റെ കാര്യത്തില്‍ ബാലരാമപുരത്തെ സ്ഥിതിയും മറ്റൊന്നല്ല. തൈക്കാപളളിയ്ക്ക് സമീപവും, പെട്രോള്‍ പമ്പിന് എതിര്‍ വശം, കാട്ടാക്കട റോഡില്‍ പഞ്ചായത്ത് ഓഫിസിനു സമീപം, തേമ്പാമുട്ടം തുടങ്ങി പല സ്ഥലങ്ങളിലും പ്ലാസ്റ്റിക്ക് മാലിന്യ കൂമ്പാരം കാണാന്‍ കഴിയും. ബാലരാമപുരം മത്സ്യമാര്‍ക്കറ്റിനുള്ളിലെ ദ്രവ മാലിന്യങ്ങളും ഖരമാലിന്യങ്ങളും സമീപവാസികളില്‍ ഏറെ ആശങ്ക ഉണ്ടാക്കുകയാണ്. ദ്രവമാലിന്യങ്ങള്‍ റോഡിലൂടെ ഒലിച്ചിറങ്ങി ജനങ്ങള്‍ക്ക് റോഡിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ബാലരാമപുരത്തിന്റെ പല ഭാഗങ്ങളിലും രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ അറവ് മാലിന്യം എത്തിച്ച് നിക്ഷേപിക്കുന്നതും പതിവാകുന്നു.
മുടവൂര്‍പ്പാറ, വെടിവച്ചാന്‍കോവില്‍, പാരൂര്‍ക്കുഴി, പള്ളിച്ചല്‍ പഞ്ചായത്ത് ഓഫിസിനു സമീപം, പ്രാവച്ചമ്പലം റെയില്‍വേ സ്റ്റേഷന്‍ റോഡ്, നേമം പൊലിസ് ക്വാര്‍ട്ടേഴ്‌സ് റോഡ്, ശാന്തിവിള സര്‍ക്കാര്‍ ആശുപത്രി ജങ്ഷന്‍, വെള്ളായണി സ്റ്റുഡിയോ റോഡ് എന്നിവിടങ്ങളിലും മാലിന്യ കൂമ്പാരങ്ങളുടെ വന്‍ ശേഖരങ്ങള്‍ കാണാന്‍ കഴിയും. നേമം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ രാത്രികാലങ്ങളിലും പുലര്‍ച്ചെയും തിരുവനന്തപുരം നഗരത്തില്‍ നിന്നും അറവ് മാലിന്യം വാഹനങ്ങളില്‍ എത്തിച്ച് കടക്കുന്നതും പതിവാകുന്നു. ഈ ഭാഗങ്ങളില്‍ പൊലിസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ക്കിടയില്‍ ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."