3,013 തബ്‌ലീഗ് പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ 'തടവില്‍'
ന്യൂഡല്‍ഹി: കൊവിഡ്- 19 ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടും 28 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയായിട്ടും 3,013 തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ ഡല്‍ഹിയിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ തടഞ്ഞുവച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. വിട്ടയയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കാത്തതിനെത്തുടര്‍ന്നാണ് ഇവരെ ഇപ്പോഴും ക്വാറന്റൈന്‍ സെന്ററില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
ഒരു ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇവരെ വിട്ടയയ്ക്കാന്‍ അനുമതി തേടി ഏപ്രില്‍ 17നും മെയ് മൂന്നിനും ഡല്‍ഹി ആരോഗ്യമന്ത്രാലയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചിരുന്നു.
വിശുദ്ധ റമദാന്‍ മാസമായതിനാല്‍ ഇവരെ ഇനിയും ഇവിടെ നിര്‍ത്തരുതെന്നും പോകാന്‍ അനുവദിക്കണമെന്നും ഡല്‍ഹി ആരോഗ്യ സെക്രട്ടറി പത്മിനി സിംഗ്ല കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുമതി ലഭിച്ചില്ല. എന്തുകൊണ്ടാണ് വിട്ടയയ്ക്കാത്തതെന്ന മറുപടിയും കേന്ദ്രം നല്‍കിയിട്ടില്ല.
കേസെടുക്കാനാണ് പൊലിസ് പദ്ധതിയെങ്കില്‍ അതിന് തടസ്സമൊന്നുമില്ലെന്നും അല്ലെങ്കില്‍ ഇവരെ തടഞ്ഞുവയ്‌ക്കേണ്ട കാര്യമില്ലെന്നും ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയ്ന്‍ പ്രതികരിച്ചു. ശക്തമായ ലോക്ക് ഡൗണായിരുന്ന മെയ് മൂന്നു വരെ ഇവരുടെ ക്വാറന്റൈന്‍ തീര്‍ന്നിരുന്നില്ല.
അതിനാലാണ് നേരത്തെ ഇവരെ വിട്ടയയ്ക്കാതിരുന്നത്. ഇപ്പോള്‍ ക്വാറന്റൈന്‍ തീര്‍ന്നു. രോഗം മാറുകയും ചെയ്തു. കുടുങ്ങിപ്പോയവര്‍ക്കു നാട്ടില്‍പോകാന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരും കുടുങ്ങിപ്പോയവരാണ്. ഇവരെ പോകാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും ജയ്ന്‍ പറഞ്ഞു.
മാര്‍ച്ചില്‍ നിസാമുദ്ദീനിലെ തബ്‌ലീഗ് മര്‍ക്കസില്‍ നടന്ന യോഗവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനാലാണോ പോകാന്‍ അനുവദിക്കാത്തതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. 3,013 പേരില്‍ 567 പേര്‍ വിദേശികളും 2,446 പേര്‍ ഇന്ത്യക്കാരുമാണ്. ഇതില്‍ 191 പേര്‍ ഡല്‍ഹി സ്വദേശികളാണ്.
രോഗബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് മര്‍ക്കസില്‍ നിന്ന് 2,346 പേരെയാണ് ഒഴിപ്പിച്ചത്. ഇതില്‍ 536 പേരെ ആശുപത്രിയിലേക്കും ബാക്കിയുള്ളവരെ ക്വാറന്റൈന്‍ സെന്ററുകളിലേക്കും മാറ്റുകയായിരുന്നു. ബാക്കിയുള്ളവര്‍ ഡല്‍ഹിയിലെ മറ്റു പലയിടങ്ങളില്‍ നിന്ന് അധികൃതര്‍ ക്വാറന്റൈനിലേക്ക് മാറ്റിയവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."