പനങ്ങാട് പാലത്തിനു സമീപം അനധികൃത മാലിന്യ നിക്ഷേപം
മരട്: ദേശീയ പാതയില്‍ പനങ്ങാട് പാലത്തിന്റെ ഒരു വശം അനധികൃത മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. രാത്രി സമയങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് ഹോട്ടല്‍ വേസ്റ്റും, വീടുകളില്‍ നിന്നുള്ള അടുക്കള മാലിന്യങ്ങളും, ഇറച്ചിക്കടകളില്‍ നിന്നുള്ള വേസ്റ്റും ഉള്‍പ്പെടെ എന്തും നിക്ഷേപിച്ച് രക്ഷപ്പെടാവുന്ന ഒരു കേന്ദ്രമായി ഇത് മാറി.
പനങ്ങാട് ജനമൈത്രി പൊലിസിന്റെ എതിര്‍വശത്തായി ഏതാനും മീറ്റര്‍ അകലെ ഇത്തരം ജനദ്രോഹപരമായ സംഭവങ്ങള്‍ സ്ഥിരമായി നടന്നിട്ടും പൊലിസ് ഇതിനെതിരേ നടപടികളെടുക്കാന്‍ മെനക്കെടാതെ ബോധവല്‍ക്കരണ ക്ലാസുകള്‍ മാത്രം നടത്തി സമയം പാഴാക്കുകയാണെന്നാണ് ആക്ഷേപമുയരുന്നത്.
ഇപ്പോള്‍ മാലിന്യങ്ങള്‍ കുന്നുകൂടി പനങ്ങാട് പാലമിറങ്ങിയാല്‍ മൂക്ക് പൊത്തണമെന്ന അവസ്ഥയിലായിട്ടുണ്ട്. നേരത്തെ ഇത്തരത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നുവെന്ന പരാതി ഉയര്‍ന്നപ്പോള്‍ രാത്രികാല നിരീക്ഷണം ശക്തമാക്കിയതിനെ തുടര്‍ന്ന് മാലിന്യം തള്ളല്‍ നിലച്ചിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും കാര്യങ്ങള്‍ പഴയപടി ആയിരിക്കുകയാണ്. പൊതു സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം ഒരു സാമൂഹിക വിപത്താണെന്ന് തിരിച്ചറിഞ്ഞ് പൊലിസ് ശക്തമായ നടപടികളെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."