ചല്ലിക്കല്‍-പൂതനൂര്‍ റോഡിന് ശാപമോക്ഷം
കോങ്ങാട:് പാലക്കാട്- ചെര്‍പ്പുളശ്ശേരി പാതയിലെ പൂതനൂര്‍ -ചല്ലിക്കല്‍ റോഡിന് കാലങ്ങള്‍ക്കു ശേഷം ശാപമോക്ഷമായതോടെ ഇനി ശുഭയാത്ര. കോങ്ങാട് ചല്ലിക്കല്‍ മുതല്‍ പൂതനൂര്‍ വഴി 9-ാം മൈല്‍ വരെയുള്ള 6.3 കിലോ മീറ്റര്‍ റോഡാണ് പൂര്‍ണമായും ടാറിങ് നടത്തിയിരിക്കുന്നത്. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയമാണ് റോഡ് നവീകരണത്തിനുള്ള തുക അനുവദിച്ചത്.
കേരള സംസ്ഥാന റോഡ് നവീകരണ വികസന ഏജന്‍സിയാണ് പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല. 6.3 കിലോമീറ്റര്‍ റോഡിന്റെ നവീകരണത്തിനായി 4,56,05,601 രൂപയാണ് ചെലവഴിച്ചത്. ജനുവരി 16 ന് നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡിന്റെ നിര്‍മാണ കരാര്‍ പാലത്ര കണ്‍സ്ട്രക്ഷന്‍ കമ്പനിക്കായിരുന്നു. ചല്ലിക്കല്‍ പുത്തന്‍ക്കോട് പൂതനൂര്‍ വഴി 9-ാം മൈല്‍ വരെയുള്ള 6.3 കിലോ മീറ്ററില്‍ 11 കല്ലുങ്കുകളും 2 ചപാത്തുക്കളുമാണുള്ളത്. ഇത്രയും ദൂരം റോഡില്‍ 5972.62 യൂണിറ്റ് കട്ടിംഗും 3405.43 യൂനിറ്റ് ഫില്ലിംഗും നടത്തിയിട്ടുണ്ട്.
6.3 കിലോ മീറ്റര്‍ ഒന്നാം പാളിയില്‍ 6.2 കിലോ മീറ്റര്‍ വീതിയും രണ്ടാം പാളിയില്‍ 4.05 മീറ്റര്‍ വീതിയുമാണ്. കാലവര്‍ഷം , തൂലാവര്‍ഷം എന്നിവ കഴിഞ്ഞാല്‍ റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകള്‍ വെട്ടി തെളിക്കണമെന്നാണ് കരാറുക്കാര്‍ക്കുള്ള വ്യവസ്ഥ. ഇതിനു പുറമെ വര്‍ഷത്തില്‍ രണ്ടു തവണ നീളത്തിലുള്ള ഓടകള്‍ വൃത്തിയാക്കുകയും, കലുങ്കുകള്‍ വര്‍ഷത്തിലൊരിക്കല്‍ വെള്ള പൂശുകയും വേണമെന്ന വ്യവസ്ഥയുമുണ്ട്. 5 വര്‍ഷത്തേക്കാണ് റോഡിന്റ അറ്റകുറ്റ പണികള്‍ നടത്താനുള്ള കരാറുകാരന്റെ കാലാവധി.
ഇതിനായി 240.96 ലക്ഷം രൂപയും അനുവദിച്ചു. ഇപ്രകാരം അറ്റകുറ്റപ്പണികള്‍ക്കായി 2018-2019 വര്‍ഷം 2.87 ലക്ഷം രൂപയും 2019-2020 കാലയളവില്‍ 3.28 ലക്ഷം, 2020-21 വര്‍ഷം 4.09 ലക്ഷം, 2021-22 വര്‍ഷത്തില്‍ 12.29 ലക്ഷവും, 2022-2023 വര്‍ഷത്തില്‍ 18.42 ലക്ഷം രൂപയും അനുവദിച്ചു നല്‍കും. ചല്ലിക്കല്‍ മുതല്‍ പൂതനൂര്‍ വഴിയുള്ള 6.3 കിലോ മീറ്റര്‍ ദൂരം റോഡിന്റെ പണികള്‍ 14-2017 ആഗസ്റ്റിലാണ് തുടങ്ങിയത്, കാലങ്ങളായി തകര്‍ന്ന റോഡ് പ്രളയകാലം കൂടി കഴിഞ്ഞതോടെ പൂര്‍ണമായും തകര്‍ന്ന സ്ഥിതിയിലായിരുന്നു.
റോഡിന്റെ തകര്‍ച്ചമൂലം കാല്‍നട വാഹന യാത്രകള്‍ ഏറെ ദുഷ്‌കരമായിരുന്നു. പാലക്കാട് നിന്നും 9-ാം മൈല്‍ പൂതനൂര്‍ വഴി കൊട്ടേക്കാട്ടേയ്ക്ക് നിരവധി ബസ്സുകളും സര്‍വിസ് നടത്തുമ്പോള്‍, റോഡ് തകര്‍ച്ച മുതലെടുത്ത് വാഹന സര്‍വിസുകളും നിര്‍ത്തേണ്ട സ്ഥിതിയായിരുന്നു നേരത്തെ. എന്നാല്‍ കാലങ്ങളായുള്ള പുത്തന്‍ ചല്ലിക്കല്‍ റോഡിന്റെ തകര്‍ച്ചക്ക് ഇപ്പോള്‍ കാലങ്ങളായുള്ള ശാപമോക്ഷം ലഭിച്ച സ്ഥിതിയാണ് . റോഡ് പൂര്‍ണമായും ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കിയതോടെ വാഹന ഗതാഗതം സുഗമമായിരിക്കുകയാണ്.
പാലക്കാട്- ചെര്‍പ്പുളശ്ശേരി സംസ്ഥാനപാതയില്‍ മിക്കയിടത്തും റോഡ് തകര്‍ന്ന സ്ഥിതിയാണെങ്കിലും പൂതനൂര്‍-ചല്ലിക്കല്‍ റോഡ് ഇപ്പോള്‍ മറ്റുള്ളറോഡുകള്‍ക്കും പഞ്ചായത്തിനും മാതൃകയാവുകയാണ്. കോങ്ങാട് ഗ്രാമപഞ്ചായചത്തിനു കീഴില്‍ വരുന്ന ചല്ലിക്കല്‍ പൂതനൂര്‍ റോഡിന്റെ നവീകരണം നടത്തി ഗതാഗതയോഗ്യമാക്കിയത് കോങ്ങാട് ഗ്രാമപഞ്ചായത്തിനു തന്നെ നേട്ടമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."