'ജനസംഖ്യാ സുസ്ഥിരതാ പക്ഷാചരണം' ജില്ലാതല ഉദ്ഘാടനം 11 ന്
മലപ്പുറം: ജൂലൈ 11- ലോകജനസംഖ്യാ ദിനത്തിന്റെ ഭാഗമായി 11 മുതല്‍ 24 വരെ ജനസംഖ്യാ സുസ്ഥിരതാ പക്ഷമായി ആചരിക്കും. 'ആസൂത്രണം ചെയ്യുക; ഉത്തരവാദിത്ത്വം നിറവേറ്റുക' എന്ന സന്ദേശവുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം നടത്തുന്ന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 11 ന് രാവിലെ 10 ന് മുണ്ടുപറമ്പ് ഗവ. കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. രണ്ടു സെഷനുകളിലായി നടക്കുന്ന സെമിനാറില്‍ കുടുംബക്ഷേമ മാര്‍ഗങ്ങളെ കുറിച്ച് വിദഗ്ധര്‍ ക്ലാസുകളെടുക്കും.
പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 15 ആരോഗ്യ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ ബോധവത്ക്കരണ റാലി, സെമിനാര്‍, ആരോഗ്യ മേള, കുടുംബാസൂത്രണ മാര്‍ഗങ്ങളുടെ പ്രദര്‍ശനം എന്നിവ നടക്കും. 100 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സാമൂഹിക ബോധവത്ക്കരണ പരിപാടികള്‍, വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ- പ്രശ്‌നോത്തരി മത്സരങ്ങള്‍ നടത്തും. ജൂലൈ 14, 15, 21, 23 തീയതികളില്‍ മഞ്ചേരി ജനറല്‍ ആശുപത്രി, തിരൂര്‍- പെരിന്തല്‍മണ്ണ- നിലമ്പൂര്‍ ജില്ലാ ആശുപത്രികള്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലാപ്രോസ്‌കോപി കാംപുകള്‍ നടത്തും. 21, 23, 26, 28 തീയതികളില്‍ മഞ്ചേരി ജനറല്‍ ആശുപത്രി, തിരൂര്‍- നിലമ്പൂര്‍ ജില്ലാ ആശുപത്രികള്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പുരുഷ വന്ധ്യംകരണ നൂതന മാര്‍ഗമായ എന്‍.എസ്.വി. (നോ സ്‌കാല്‍പല്‍ വാസക്ടമി) കാംപുകള്‍ സംഘടിപ്പിക്കും.
എ.ഡി.എം. പി. സയ്യിദ് അലിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല സംഘാടക സമിതി യോഗം പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ്, ഡി.പി.എം ഡോ.വി. വിനോദ്, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ആര്‍. രേണുക, ജില്ലാ മാസ് മിഡിയാ ഓഫീസര്‍ ടി.എം ഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."