ക്വാറന്റൈന്‍ ജയിലുകള്‍ നിറച്ച് അബ്കാരി കേസ് പ്രതികള്‍!
തിരുവനന്തപുരം: ലോക്ക് ഡൗണിനിടെ അബ്കാരി കേസുകളില്‍ പിടിയിലാകുന്നവരുടെ എണ്ണം കൂടിയതോടെ പുതിയതായെത്തുന്ന പ്രതികളെ പാര്‍പ്പിക്കാന്‍ സംസ്ഥാനത്ത് ഒരുക്കിയിരുന്ന ക്വാറന്റൈന്‍ ജയിലുകള്‍ നിറഞ്ഞു കവിയുന്നു. ഇതിനകം തന്നെ 1500ഓളം പേര്‍ അബ്കാരി കേസുകളില്‍ പ്രതികളായി റിമാന്‍ഡ് ചെയ്യപ്പെട്ടതോടെയാണ് ജയില്‍ അധികൃതരുടെ കണക്കുകൂട്ടലുകള്‍ തെറ്റിയത്. ഇവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നതിനോ സുരക്ഷിതമായ കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനോ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
പുതിയതായി കേസില്‍ പ്രതികളായി എത്തുന്നവരെ താമസിപ്പിക്കാനായി സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ചാണ് ക്വാറന്റൈന്‍ ജയിലുകള്‍ ഒരുക്കിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന തെക്കന്‍ മേഖലയിലേക്കായി ആറ്റിങ്ങല്‍ സബ്ജയിലും തിരുവനന്തപുരം കുഞ്ചാലുംമൂട് സ്‌പെഷല്‍ സബ്ജയിലുമാണ് തെരഞ്ഞെടുത്തത്.
മധ്യമേഖലയില്‍ ആലുവ സബ്ജയിലും ബോസ്റ്റണ്‍ സ്‌കൂള്‍ ആലുവയും ഉള്‍പ്പെടുന്നു. വടക്കന്‍ മേഖലയില്‍ കോഴിക്കോട് സബ്ജയിലും കൊയിലാണ്ടി സബ്ജയിലും കണ്ണൂര്‍ സ്‌പെഷല്‍ സബ്ജയിലുമാണ് ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഈ ജയിലുകളെല്ലാം സൗകര്യങ്ങള്‍ തീരെ കുറവായവയും കുറച്ചു മാത്രം കുറ്റവാളികളെ പാര്‍പ്പിക്കാന്‍ കഴിയുന്നവയുമാണ്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ പൂര്‍ണമായി അടച്ചപ്പോള്‍ സംസ്ഥാനത്ത് വ്യാജവാറ്റ് ശക്തമായി. ഇതോടെ അബ്കാരി കേസുകളില്‍ പിടിക്കപ്പെടുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചതാണ് ജയിലധികൃതര്‍ക്ക് വിനയായത്.
തെക്കന്‍ മേഖലക്കായുള്ള കുഞ്ചാലുംമൂട് സ്‌പെഷല്‍ സബ്ജയിലില്‍ പാര്‍പ്പിക്കാന്‍ കഴിയുന്നത് 228 തടവുകാരെയാണ്. ഇപ്പോള്‍ അവിടെയുള്ളതാകട്ടെ 52ഓളം പഴയ തടവുകാര്‍ക്കൊപ്പം നാനൂറോളം പുതിയ തടവുകാര്‍. ആറ്റിങ്ങല്‍ സബ് ജയിലില്‍ 60 പേരെ പാര്‍പ്പിക്കേണ്ടിടത്ത് 20 പഴയ തടവുകാര്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഉള്ളത് 120 പേര്‍. മറ്റിടങ്ങളിലും സമാനമാണ് അവസ്ഥ.
വടക്കന്‍ മേഖലയിലെ ജയിലുകളും ഇത്തരത്തില്‍ നിറഞ്ഞതോടെ കണ്ണൂര്‍ ജില്ലാ ജയില്‍കൂടി ക്വാറന്റൈന്‍ ജയിലാക്കി മാറ്റാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. തൃശൂരിലെ അതീവ സുരക്ഷാ ജയിലുകള്‍ ഉള്‍പ്പെടെ മികച്ച സൗകര്യങ്ങളുള്ളവ ഉള്ളപ്പോഴാണ് ചെറിയ ജയിലുകള്‍ തെരഞ്ഞെടുത്ത് അവിടെ തടവുകാരെ കുത്തിനിറയ്ക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."