സയന്‍സ് ദശകം ശതാബ്ദി ഉദ്ഘാടനം ചെയ്തു
കൊച്ചി: ശാസ്ത്രത്തെ പ്രകീര്‍ത്തിച്ച് സഹോദരന്‍ അയ്യപ്പന്‍ രചിച്ച സയന്‍സ് ദശകമെന്ന കവിതയുടെ ശതാബ്ദി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
ഭരണാധികാരികളില്‍ നിന്നു പോലും ശാസ്ത്രവിരുദ്ധമായ സംഭാഷണങ്ങള്‍ കേള്‍ക്കേണ്ടി വരുന്ന ഇക്കാലത്ത് നൂറു വര്‍ഷം മുമ്പ് സഹോദരന്‍ അയ്യപ്പന്‍ രചിച്ച സയന്‍സ് ദശകത്തിന്റെ പ്രസക്തി വലുതാണെന്നും. ശാസ്ത്രമല്ലാത്തതൊക്കെ ഇരുട്ടാണെന്ന് പറയാനും, ശാസ്ത്രത്തെ പ്രകീര്‍ത്തിക്കാനും നൂറു വര്‍ഷം മുമ്പ് സഹോദരന്‍ അയ്യപ്പന് കഴിഞ്ഞത് മലയാളികള്‍ക്കാകെ അഭിമാനം പകരുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നൂറു വര്‍ഷം മുമ്പ് കേരളം കൈവരിച്ചു തുടങ്ങിയ നവോത്ഥാനപരമായ നേട്ടങ്ങളില്‍ നിന്നും നാം എത്രമാത്രം മുന്നോട്ടുപോയി എന്ന വിലയിരുത്തലിന് സമയമായിരിക്കുന്നു. പലതിലും നാം പിന്നോട്ടു പോയി. ശ്രീനാരായണഗുരുവിന്റെ ജാതിയില്ലാ വിളംബരം നൂറാം വര്‍ഷം ആകര്‍ഷിക്കുന്ന ഘട്ടത്തിലാണ് ചിലര്‍ ജാതി ചോദിച്ചാലെന്താ എന്ന് ഉച്ചത്തില്‍ പറയുന്നത്. സ്വസമുദായത്തിന്റെ വിദ്യാലയങ്ങളിലേ കുട്ടികളെ പഠിപ്പിക്കാവൂ എന്ന് മറ്റ് ചിലര്‍. സഹോദരന്‍ അയ്യപ്പന്‍ സംഘടിപ്പിച്ച മിശ്രഭോജനം നൂറു വര്‍ഷമാകുമ്പോഴാണ് സ്വസമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിച്ചതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നത്.
ബുദ്ധി കൊണ്ടല്ലാതെ മനസു കൊണ്ട് നാം പുരോഗമിക്കുന്നുണ്ടോ എന്ന് ചോദിച്ചു കൊണ്ടിരിക്കേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.ശാസ്ത്രത്തിന്റെ പുരോഗതിയും അന്ധവിശ്വാസവും തമ്മിലുള്ള വൈരുധ്യം മുന്നില്‍ കണ്ടാണ് സഹോദരന്‍ അയ്യപ്പന്‍ സയന്‍സ് ദശകം രചിച്ചത്.
ശ്രീനാരായണഗുരുവിന്റെ ദൈവദശകത്തില്‍ മുഖ്യസ്ഥാനത്ത് ദൈവമായിരുന്നെങ്കില്‍ സയന്‍സ് ദശകത്തില്‍ സഹോദരന്‍ അയ്യപ്പന്‍ ശാസ്ത്രത്തിന് നേരെയാണ് കൈകൂപ്പിയത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രൊഫ. വി.പി.എന്‍ നമ്പൂതിരി അധ്യക്ഷനായിരുന്നു. പ്രൊഫ. എം.കെ. സാനു, ഐഷ ഗോപാലകൃഷ്ണന്‍, ഫാ. പോള്‍ തേലക്കാട്ട്, ഡോ. സി.കെ. രാമചന്ദ്രന്‍, രത്‌നമ്മ സാനു, ജിജി രമേശ്, എം.ആര്‍. ഗീത, പി. രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."