നെടുമ്പാശ്ശേരി വരവേറ്റു; 182 പ്രവാസികളെ കൂടി
സ്വന്തം ലേഖകന്‍
നെടുമ്പാശ്ശേരി: വിദേശത്ത് കുടുങ്ങിയിരുന്ന പ്രവാസികളില്‍ 182 പേര്‍ കൂടി നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തി. ഇന്നലെ അര്‍ധ രാത്രിയോടെയാണ് ബഹ്‌റൈനില്‍ നിന്നുള്ള പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 474 നമ്പര്‍ വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്. സംഘത്തില്‍ 152 മുതിര്‍ന്നവരും 25 കുട്ടികളും അഞ്ച് കൈക്കുഞ്ഞുങ്ങളുമാണ് ഉണ്ടായിരുന്നത്. മുതിര്‍ന്നവരില്‍ 78 പേര്‍ പുരുഷന്മാരും 74 പേര്‍ സ്ത്രീകളുമാണ്. പ്രവാസികളെ കൊണ്ടുവരുന്നതിന് ഇന്നലെ ഉച്ചയോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരത്ത് നിന്നാണ് ബഹ്‌റൈനിലേക്ക് പോയത്. ബഹ്‌റൈന്‍ സമയം വൈകിട്ട് 4.30 നാണ് വിമാനം മലയാളികളുമായി മടങ്ങിയത്. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പേ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നാണ് യാത്രാനുമതി ലഭിച്ചവര്‍ക്ക് എംബസി അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നത്. പക്ഷെ നാട്ടിലേക്ക് മടങ്ങാന്‍ 12 മണിക്ക് മുന്‍പ് തന്നെ യാത്രക്കാര്‍ വിമാനത്താവളത്തിലെത്തി കാത്തുനില്‍ക്കുകയായിരുന്നു. വിമാനത്തില്‍ കയറുന്നവര്‍ക്ക് കൊവിഡ് റാപ്പിഡ് ടെസ്റ്റ് നടത്താനായില്ല. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."