അമ്പത് ദിനം,നൂറ് കുളം: ഇന്നലെ ഒമ്പതിടങ്ങളില്‍ തെളിനീര്
കൊച്ചി: ജലസ്രോതസുകള്‍ വൃത്തിയാക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ അമ്പത് ദിനം നൂറു കുളം പദ്ധതിയില്‍ ഇന്നലെ ശുചീകരിച്ചത് ഒമ്പത് കുളങ്ങള്‍. ഇന്ന് ആമ്പല്ലൂര്‍ അയ്യന്‍കുളം കൂടി ശുചീകരിക്കുന്നതോടെ പദ്ധതിയുടെ രണ്ടാംഘട്ടം പൂര്‍ത്തിയാകും.
കൊച്ചി കപ്പല്‍ശാലയുടെ പിന്തുണയോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതിയില്‍ അന്‍പൊട് കൊച്ചി, നെഹ്റു യുവകേന്ദ്ര, എന്‍.എസ്.എസ് വോളന്റിയര്‍മാര്‍, എന്‍.സി.സി സേനാംഗങ്ങള്‍ കോളേജ് വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍ എന്നിവരും നാട്ടുകാരും സജീവമായി രംഗത്തിറങ്ങി. ഹരിതകേരളം ജില്ലാ മിഷന്, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ പിന്തുണയും കുളം നവീകരണപദ്ധതിയ്ക്കുണ്ട്.
ചേന്ദമംഗലം അരങ്കാവു അമ്പലക്കുളം, കടുങ്ങല്ലൂര്‍ ഇരുമ്പക്കുളം, കോട്ടുവള്ളി രണ്ടാം വാര്‍ഡിലെ കടുവന്കുളം, നെടുമ്പാശ്ശേരി 12ാം വാര്‍ഡിലെ കണ്ടന്‍കുളം, നെടുമ്പാശ്ശേരി 16ാം വാര്‍ഡിലെ ഈരച്ചന്കുളം, വടക്കന്‍ പറവൂര്‍ നഗരസഭയിലെ പെരുവാരം അമ്പലക്കുളം, പാറക്കടവു 17ാം വാര്‍ഡിലെ പാറണിക്കുളം, 18ാം വാര്‍ഡിലെ രാമന്‍കുളം, രണ്ടാം വാര്‍ഡിലെ ഉച്ചുക്കുളം എന്നിവയാണ് ഇന്നലെ വൃത്തിയാക്കിയത്. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് അന്‍പൊടു കൊച്ചിയുടെ ടീഷര്‍ട്ടണിഞ്ഞ് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയും വിവിധ കേന്ദ്രങ്ങളിലെത്തി.പറവൂരിലെ പെരുവാരം അമ്പലക്കുളം വൃത്തിയാക്കാന്‍ വിദേശിയുടെ കൈ സഹായവും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ലഭിച്ചു. ജാം വര്‍ക്കൗട്ടിന്റെ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ സ്റ്റീവ് സോട്ടോയാണ് കുളം വൃത്തിയാക്കാനിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."