സുമിത്ര കൂട്ടായ്മക്ക് സ്വന്തമായി ആസ്ഥാന മന്ദിരം
അന്തിക്കാട്: സാമൂഹിക തിന്മകള്‍ക്കെതിരേ പൊരുതുന്ന സുമിത്രയ്ക്ക് അരിമ്പൂര്‍ പരയ്ക്കാട് സ്വന്തമായ ആസ്ഥാന മന്ദിരം ഇന്ന് തുറക്കും .
അഞ്ചുവര്‍ഷം മുന്‍പ് മദ്യത്തിനും മയക്കമരുന്നിനുമെതിരേ സാമൂഹിക അവബോധം സൃഷ്ടിയ്ക്കുകയെന്ന ലക്ഷ്യവുമായി രംഗത്ത് വന്നതാണ് സുമിത്ര. സഹവാസ ക്യാംപുകളും മാസംതോറും നാട്ടുകാര്‍ക്കായി അതാത് മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ ക്ലാസുകളും വിഷരഹിത പച്ചക്കറി ഉല്‍പാദനവുമായാണ് സുമിത്ര വളര്‍ന്നത്. തൃശൂര്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥനായ വി.കെ ഉണ്ണികൃഷ്ണന്‍ സൗജന്യമായി നല്‍കിയ അഞ്ച് സെന്റ് സ്ഥലത്താണ് രണ്ട് നിലകളിലായി 1400 ച.അടിയില്‍ വെളിയത്ത് കൊച്ചമ്മിണി സ്മാരക മന്ദിരം ജനകീയ പങ്കാളിത്തത്തോടെ നിര്‍മിച്ചത്.
വയോജനങ്ങള്‍ക്ക് ഒത്തു കൂടുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്. ശിശു സൗഹ്യദ കേന്ദ്രം,വായനശാല, ക്ലബുകള്‍, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക പരിഹാര ബോധന ക്ലാസുകള്‍, പരമ്പരാഗത തൊഴില്‍ മുറകള്‍ പഠിക്കുന്നതിനും അവസരമുണ്ട്. തരിശുനില കൃഷി വ്യാപിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സുമിത്ര ലക്ഷ്യമിടുന്നുണ്ടെന്ന് പ്രസിഡന്റ് വി.ആര്‍ സദാനന്ദനും സെക്രട്ടറി കെ.കെ നാരായണനും പറഞ്ഞു.
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിപാടികള്‍ നടപ്പിലാക്കുന്നത്. ഇന്ന് രാവിലെ ഒന്‍പതിന് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എംഎല്‍എ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."