പി.എം.എ.വൈ ഭവനപദ്ധതി: മുക്കം നഗരസഭക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം
മുക്കം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി നടത്തിപ്പില്‍ മുക്കം നഗരസഭക്ക് ചരിത്ര നേട്ടം. സംസ്ഥാനത്ത് ഏറ്റവുമധികം വീടുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചതോടെ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനവും നഗരസഭ നേടി.
ആകെയുള്ള 376 വീടുകളില്‍ 92 എണ്ണത്തിന്റെ നിര്‍മാണമാണ് ഇതുവരെ പൂര്‍ത്തിയായത്. ബാക്കി വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. നേരത്തെ ഒരു വീടിന് മൂന്ന് ലക്ഷം എന്നത് സര്‍ക്കാര്‍ നാലര ലക്ഷമായി വര്‍ധിപ്പിച്ചതും ഗുണഭോക്താക്കള്‍ക്ക് അനുഗ്രഹമായി. ഇതില്‍ രണ്ടര ലക്ഷം നഗരസഭയും ഒന്നര ലക്ഷം കേന്ദ്ര സര്‍ക്കാരും അല്‍പതിനായിരം രൂപ സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത്. വീട് നിര്‍മാണത്തിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങളും നഗരസഭ ലക്ഷ്യമിടുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുക.
നേരത്തെ പി.എം.എ.വൈ പദ്ധതി നടത്തിപ്പിലെ കാര്യക്ഷമതക്ക് മുക്കം നഗരസഭക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരവും ലഭിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയില്‍ പദ്ധതി നിര്‍വഹണം നടത്തിയതിനാണ് അംഗീകാരം ലഭിച്ചത്.
ഇതിന്റെ ഭാഗമായി വീട് പണി പൂര്‍ത്തീകരിച്ച നാല് ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംവദിക്കുകയും ചെയ്തിരുന്നു. ആധാര്‍ സീഡിങ്, ജിയോ ടാറിങ് എന്നിവയില്‍ നൂറ് ശതമാനം നേട്ടമാണ് നഗരസഭ കൈവരിച്ചത്. വീട് നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ജിയോ ടാറിങ് നടത്തി കേന്ദ്ര സര്‍ക്കാറിന്റെ സൈറ്റില്‍ അപ് ലോഡ് ചെയ്താണ് ആനുകൂല്യം ലഭ്യമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."