ട്രെയിനിടിച്ച് അതിഥി തൊഴിലാളികള്‍ മരിച്ചതിന് ഉത്തരവാദി മധ്യപ്രദേശ് സര്‍ക്കാരെന്ന് കമല്‍നാഥ്
ഭോപാല്‍: മധ്യപ്രദേശില്‍ അതിഥി തൊഴിലാളികള്‍ ട്രെയിനിടിച്ച് മരിച്ച സംഭവത്തില്‍ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്.
മടങ്ങിവരുന്ന തൊഴിലാളികള്‍ക്കായി എന്ത് സൗകര്യങ്ങളാണ് സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നതെന്ന് ചോദിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമേ ബി.ജെ.പി സര്‍ക്കാരിന് കൈമുതലായുള്ളുവെന്നു വിമര്‍ശിച്ചു. മടങ്ങിവരുന്ന തൊഴിലാളികളുടെ ലിസ്റ്റ് നല്‍കിയാല്‍ വേണ്ട സൗകര്യങ്ങള്‍ കോണ്‍ഗ്രസ് തയാറാക്കിക്കൊള്ളാമെന്നും അദ്ദേഹം പറഞ്ഞു.
യാത്രാ ചെലവുകള്‍ വഹിക്കേണ്ട തൊഴിലാളികളുടെ പട്ടിക ആവശ്യപ്പെട്ട് കമല്‍നാഥ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കത്തെഴുതുകയും ചെയ്തു. സംസ്ഥാനത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ യാത്രാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനിച്ചതായും കമല്‍നാഥ് അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടിട്ടുണ്ട്. 'മധ്യപ്രദേശ് സര്‍ക്കാര്‍ ഈ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ തന്നെ എന്ത് സംവിധാനങ്ങളാണ് അവരുടെ മടങ്ങിവരവിന് മുന്നോടിയായി നടത്തിയിട്ടുള്ളത്?- അദ്ദേഹം ചോദിച്ചു.
സംഭവത്തിന് പിന്നാലെ തൊഴിലാളികളോട് ഇപ്പോള്‍ മടങ്ങിവരരുതെന്നും താമസിക്കുന്നിടത്തു തന്നെ തുടരണമെന്നുമാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാവരെയും തിരിച്ചെത്തിക്കാന്‍ കുറച്ച് സമയമെടുക്കുമെന്നും എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് ചൗഹാന്‍ ട്വീറ്റ് ചെയ്തത്.
അതേസമയം, ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് കാല്‍നടയായി പോയിക്കൊണ്ടിരിക്കുകയാണെന്ന് രണ്ടു ദിവസം മുന്‍പ് താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പറഞ്ഞിരുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം പ്രതികരിച്ചു. ട്രെയിനിടിച്ച് പാളത്തില്‍ കിടന്നുറങ്ങിയ അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പില്ലാതെ ലോക്ക് ഡൗണ്‍ നടപ്പാക്കുകയും ആഴ്ച്ചകളോളം ദുരിതത്തില്‍പ്പെട്ട അതിഥി തൊഴിലാളികളെ തിരികെയെത്തിക്കാന്‍ അവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കാത്തതുമാണ് ഈ ദാരുണസംഭവത്തിന് ഇടയാക്കിയതെന്നും യെച്ചൂരി പറഞ്ഞു.
തൊഴിലാളികള്‍ അപകടകരമായ യാത്രയ്ക്ക് മുതിരാതെ ക്ഷമ പാലിക്കണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."