ലൈറ്റ് മെട്രോ ശരിയാകും !
കോഴിക്കോട്: മലബാറിന്റെ വികസനക്കുതിപ്പിന് പുതുപ്രതീക്ഷയേകുന്ന ലൈറ്റ് മെട്രോ പദ്ധതിക്ക് വീണ്ടും ചിറകുമുളയ്ക്കുന്നു. നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ട് ലൈറ്റ് മെട്രോയെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള നടപടി സ്വീകരിച്ചതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവന്‍ തുടിച്ചത്. മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്തേകുന്ന പദ്ധതി ഉടന്‍ നടപ്പാകണമെന്ന ആഗ്രഹത്തിലാണ് ജനങ്ങള്‍.
ലൈറ്റ് മെട്രോയുടെ നിര്‍മാണച്ചുമതല ഡി.എം.ആര്‍.സിക്കായിരുന്നു. എന്നാല്‍ ഈയിടെ പദ്ധതിയില്‍ നിന്ന് ഡി.എം.ആര്‍.സി പിന്മാറി. തുടര്‍ന്ന് പദ്ധതി പ്രതിസന്ധിയിലായതോടെ കല്ലായിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസടക്കം പൂട്ടിയിരുന്നു. നിലിവില്‍ ഓഫിസ് വീണ്ടും തുറക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണ്. കൂടാതെ ലൈറ്റ് മെട്രോയ്ക്ക് ഏതു സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നു സംബന്ധിച്ച് ശുപാര്‍ശ നല്‍കാന്‍ മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മെഡിക്കല്‍ കോളജ് മുതല്‍ മീഞ്ചന്ത വരെ 13.3 കിലോമീറ്റര്‍ ദൂരത്തിലാകും ലൈറ്റ് മെട്രോയുടെ നിര്‍മാണം. 14 സ്റ്റേഷനുകളുണ്ടാകും. 2509 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. കഴിഞ്ഞ ജൂലൈയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് ആവശ്യമായ സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാന്‍ തീരുമാനിച്ചിരുന്നു. കോഴിക്കോടിന് പുറമെ തിരുവനന്തപുരത്തും ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുന്നുണ്ട്. രണ്ടു നഗരങ്ങളിലെയും പദ്ധതികള്‍ക്ക് 2015ലായിരുന്നു ഭരണാനുമതി ലഭിച്ചത്.
കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും മുതല്‍മുടക്ക് 20 ശതമാനവും ബാക്കി 60 ശതമാനം വായ്പയുമാണ്. നിലവില്‍ കോഴിക്കോട് ഇതിനായി 1.44 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. പദ്ധതിക്ക് കിഫ്ബിയില്‍ നിന്നു തുക അനുവദിക്കും.
കൃത്യസമയത്ത് നിര്‍മാണം തുടങ്ങിയാല്‍ മൂന്നു വര്‍ഷത്തിനകം കോഴിക്കോട്ടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ലൈറ്റ് മെട്രോ യാഥാര്‍ഥ്യമാകും.
പദ്ധതിക്കായുള്ള കേന്ദ്രാനുമതിയും പങ്കാളിത്തവുമാണ് ലൈറ്റ് മെട്രോയ്ക്ക് ഇനി വേണ്ടത്. ഇതിനായി മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ശക്തമായ നടപടിയുണ്ടാകുമെന്നാണ് കോഴിക്കോട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."