കേരള മെഡിക്കല്‍ എന്‍ട്രന്‍സ്: നാലാം റാങ്കിന്റെ തിളക്കത്തില്‍ മലയോരം
വാണിമേല്‍: കേരള മെഡിക്കല്‍ എന്‍ട്രന്‍സില്‍ റാങ്കിന്റെ തിളക്കവുമായി മലയോര ഗ്രാമം. വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് മഞ്ഞക്കുന്ന് കല്ലുവേലിക്കല്‍ ജോര്‍ജ് ജോസഫിന്റെയും ഗ്രേസി ജോര്‍ജിന്റെയും ഇളയ മകന്‍ ആറ്റ്‌ലിന്‍ ജോര്‍ജാണ് നാടിനാകെ അഭിമാനമായ നേട്ടം കൈവരിച്ചത്. നേരത്തെ നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ നിന്ന് നാലാം റാങ്കും അഖിലേന്ത്യാ അടിസ്ഥാനത്തില്‍ 101-ാം റാങ്കും ആറ്റ്‌ലിന്‍ നേടിയിരുന്നു.
കൂലിവേല ചെയ്തു കഴിയുന്ന സാധാരണ കുടുംബത്തില്‍ നിന്നാണ് ആറ്റ്‌ലിന്റെ മിന്നുന്ന വിജയമെന്നത് ഇരട്ടിമധുരമായി.
വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ അഞ്ചാം തരം വരെ പഠിച്ച ആറ്റ്‌ലിന്‍ 12-ാം തരം വരെ വടകര നവോദയയിലാണ് പഠിച്ചത്. നവോദയിലെ പഠനകാലത്താണ് ആറ്റ്‌ലിന് മെഡിക്കല്‍ പഠനമെന്ന ആഗ്രഹം തുടങ്ങിയത്. പ്ലസ്ടുവിന് 96 ശതമാനം മാര്‍ക്ക് വാങ്ങിയ ആറ്റ്‌ലിന്‍ പാലായിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ ചേര്‍ന്ന് പഠനമാരംഭിച്ചു. തന്റെ കഴിവില്‍ പരിപൂര്‍ണ വിശ്വാസമുള്ള ആറ്റ്‌ലിന്‍ കഠിനാധ്വാത്തിലൂടെയാണ് മികച്ച വിജയം കൈവരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠിക്കണമെന്നാണ് ജോര്‍ജ്-ഗ്രേസി ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയവനായ ആറ്റ്‌ലിന്റെ ആഗ്രഹം. മുത്തമകള്‍ ആഷ്‌ലി ലിബിന്‍ വയനാട് അമ്പലവയലില്‍ നഴ്‌സായി ജോലി ചെയ്യുന്നു. രണ്ടാമത്തെ മകള്‍ മെര്‍ലിന്‍ ജോര്‍ജ് താമരശേരി പുതുപ്പാടിയില്‍ കോണ്‍വെന്റിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."