ചുരം റോഡിലെ മണ്ണിടിച്ചില്‍; അരിക് കെട്ടല്‍ ശനിയാഴ്ച ആരംഭിക്കും
താമരശേരി: കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും തകര്‍ന്ന ചുരം രണ്ടാം വളവിന് താഴെയുള്ള ഭാഗത്ത് അരിക് കെട്ടല്‍ പ്രവൃത്തി ശനിയാഴ്ചയോടെ ആരംഭിക്കുമെന്ന് ദേശീയപാതാ അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ശക്തമായ മഴയില്‍ ചുരം രണ്ടാം വളവിനു സമീപം മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടത്. ഇതേതുടര്‍ന്ന് വയനാട് ജില്ല പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലായിരുന്നു. ചിപ്പിലിത്തോട് വരെ മാത്രമേ ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെയുള്ളവ സര്‍വിസ് നടത്തുന്നുള്ളൂ.
വയനാട്ടില്‍ നിന്നും കോഴിക്കോട്ട് നിന്നും വരുന്ന യാത്രക്കാര്‍ ചിപ്പിലിത്തോട് ഇറങ്ങി 200 മീറ്റര്‍ നടന്നു പോയതിനു ശേഷമാണ് കോഴിക്കോട്ടേക്കും വായനാട്ടിലേക്കുമുള്ള കണക്ഷന്‍ ബസുകളില്‍ കയറി യാത്ര ചെയ്യുന്നത്. മണ്ണിടിഞ്ഞ സ്ഥലത്ത് അരിക് കെട്ടല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാകണമെങ്കില്‍ ചുരുങ്ങിയത് രണ്ടുമാസമെങ്കിലും എടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനായി 2.10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കമ്പനിയാണ് നിര്‍മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
പൂര്‍ണമായും വാഹന ഗതാഗതം നിരോധിച്ചിരുന്ന ഇതുവഴി ഇന്നലെ ചെറിയ വാഹനങ്ങളെ കടത്തിവിടാന്‍ തുടങ്ങിയിട്ടുണ്ട്. നേരത്തെ അടിവാരത്ത് നിന്ന് നാലാം വളവിലേക്കെത്തുന്ന മറ്റൊരു വഴിയിലൂടെയായിരുന്നു ചെറുവാഹനങ്ങളെ കടത്തി വിട്ടിരുന്നത്.
അടിയന്തരമായി വാഹനങ്ങള്‍ കടത്തിവിടുന്നതിനായി വനം വകുപ്പിന്റെ ഒന്നര മീറ്റര്‍ ഭൂമി ദേശീയപാതാ വിഭാഗം ഏറ്റെടുത്ത് റോഡ് വീതി കൂട്ടുകയായിരുന്നു. മെറ്റലും മറ്റും ഉപയോഗിച്ച് 50 മീറ്റര്‍ നീളത്തില്‍ വീതികൂട്ടിയ ഭാഗത്ത് താല്‍ക്കാലികമായി റോഡ് പുനഃസ്ഥാപിച്ചിട്ടുണ്ട്. ചരക്ക് ഗതാഗതങ്ങള്‍ ഉള്‍പ്പെടെ തടസപ്പെട്ടിരുന്ന സാഹചര്യത്തില്‍ അധികൃതര്‍ തിരക്കിട്ട പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്.
മണ്ണിടിഞ്ഞു വീണ ഭാഗം മഴവെള്ളം വന്ന് ചെളി നിറഞ്ഞ അവസ്ഥയിലാണ്. നിര്‍മാണ പ്രവൃത്തി ആരംഭിക്കാന്‍ ചെളി മാറ്റണം. ഇതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. താഴ്ഭാഗമായതിനാല്‍ മണ്ണുമാന്തി യന്ത്രം ഉള്‍പ്പെടെയുള്ളവ ഇവിടേക്കു പ്രവേശിക്കാനും പ്രയാസമുണ്ട്.
വനത്തിലെ ചില മരങ്ങള്‍ മുറിച്ചു വേണം ഇവിടേക്ക് വാഹനം പ്രവേശിക്കാന്‍. തറയില്‍ നിന്ന് 10 മീറ്റര്‍ ഉയരത്തിലും അഞ്ചു മീറ്റര്‍ വീതിയിലും ആണ് അരികുഭിത്തി നിര്‍മിക്കേണ്ടത്. ആധുനിക രീതിയായ ഗാവിയന്‍ (ഫ്രെയിമില്‍ കല്ലുവച്ച് നിര്‍മിക്കുന്ന രീതി) ഉപയോഗിച്ചും കോണ്‍ക്രീറ്റ് ഉപയോഗിച്ചുമാണ് അരിക് കെട്ടുക. 50 മീറ്ററോളം നീളത്തില്‍ കല്ലുവച്ച് കെട്ടേണ്ടിവരുമെന്നും ദേശീയപാതാ അധികൃതര്‍ വ്യക്തമാക്കി. വനം വകുപ്പിന്റെ ഒരു മീറ്റര്‍ ഭൂമി കൂടി ലഭ്യമായതോടെ 12 മീറ്റര്‍ ഉണ്ടായിരുന്ന റോഡിന്റെ വീതി 13 മീറ്ററായി ഉയരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."