കേരളത്തില്‍ നിന്ന് അഞ്ചു താമരയെങ്കിലും വിരിയിക്കാന്‍ ബി.ജെ.പി
കോട്ടയം: ബി.ജെ.പി കേരളത്തില്‍ നിന്ന് അഞ്ചു സീറ്റെങ്കിലും നേടാനായി കച്ചമുറുക്കുന്നു. കേരളവും മോദിയോടൊപ്പം വീണ്ടും വേണം മോദി ഭരണം എന്ന മുദ്രാവാക്യമുയര്‍ത്തി മേഖലാ ജാഥകള്‍ ആരംഭിച്ചത് ജനവികരം അറിയാനാണെന്നാണ് വിലയിരുത്തല്‍.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, കെ.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍ എന്‍.എന്‍.രാധാകൃഷ്ണന്‍ എന്നിവര്‍ നയിക്കുന്ന ജാഥയില്‍ പ്രവര്‍ത്തകര്‍ക്കിടയിലെ മാത്രമല്ല നേതാക്കള്‍ക്കിടയിലെ ഭിന്നതയിലെ മഞ്ഞുരുക്കാനുള്ള ശ്രമവും ഉണ്ടാകും.
ഇനി ഭിന്നത തിരഞ്ഞെടുപ്പിനു ശേഷം മതി എന്നതാണ് നിലപാട്. അതുവരേ ശക്തമായ പ്രചാരണം നടത്തി അഞ്ചു സീറ്റിലെങ്കിലും ജയിച്ചു കയറുക എന്നതിനാണ് പ്രഥമ പരിഗണന. തിരുവനന്തപുരത്തിനും കാസര്‍കോടിനുമാണ് അതില്‍ മുന്‍ഗണന. ഇവ ജയിച്ചുകയറാന്‍ എല്ലാ തന്ത്രവും പ്രയോഗിക്കും.
ശബരി മല സ്ത്രീ പ്രവേശ വിധിക്കുശേഷം വരുന്ന ആദ്യ തിരഞ്ഞെടുപ്പെന്ന രീതിയില്‍ വലിയ പ്രതീക്ഷയിലാണ് സംഘ് പരിവാര നേതൃത്വം. പുല്‍വാമ സംഭവത്തെയും രാഷ്ട്രീയമായി ഏറെ ഉപയോഗിച്ച് അതിനെ വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങളും അവര്‍ നടത്തുന്നുണ്ട്. എന്നാല്‍ എന്തു വിലകൊടുത്തും ഇതിനെ തറപറ്റിക്കുമെന്നുതന്നെയാണ് യു.ഡി.എഫ്, എല്‍.ഡി. എഫും പയറ്റുന്നത്.
കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് താമരയുടെ പ്രതിനിധി ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് അവരുടെ ശ്രമം.
എന്നാല്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംഘ്പരിവാര പ്രവര്‍ത്തകരേ സജീവമാക്കാന്‍ കേന്ദ്ര നേതാക്കള്‍ കേരളത്തിലേക്കെത്തുന്നുണ്ട്. ഓരോ മണ്ഡലത്തിലും പരിഗണിക്കാവുന്ന സ്ഥാനാര്‍ഥികളുടെ പേരുകള്‍ കോര്‍ കമ്മിറ്റി തയാറാക്കിവച്ചിട്ടുണ്ട്.
കേന്ദ്രമാണ് അന്തിമമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. അതിനു മുന്നോടിയായി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അഭിപ്രായം അറിയാനും ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെയും ഘടകകക്ഷി നേതാക്കളെ ഒപ്പം നിര്‍ത്താനും സമുദായ സംഘടനാ നേതാക്കളെ കൂടെ കൂട്ടാനുമുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."