നേട്ടങ്ങളുടെ നിറവില്‍ നീലേശ്വരം നഗരസഭ
നീലേശ്വരം: പദ്ധതി നിര്‍വഹണത്തില്‍ നഗരസഭാ വിഭാഗത്തില്‍ ജില്ലയില്‍ ഒന്നാമതെത്താന്‍ കഴിഞ്ഞ ആഹ്ലാദത്തിലാണ് നീലേശ്വരം നഗരസഭ. നഗരസഭയ്ക്ക് സ്വന്തമായി ആധുനിക രീതിയിലുള്ള കാര്യാലയം നിര്‍മിക്കാനായി കച്ചേരിക്കടവില്‍ 75 സെന്റ് സ്ഥലം വാങ്ങാന്‍ കഴിഞ്ഞതാണ് പ്രധാന നേട്ടങ്ങളിലൊന്ന്. സാമൂഹ്യ ക്ഷേമ രംഗത്ത് സ്വന്തം വീടിനടുത്ത് ചികിത്സയും മരുന്നും ലഭ്യമാക്കുന്ന വയോമിത്രം പദ്ധതി തുടങ്ങി. 18 വയസ് കഴിഞ്ഞ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് ബഡ്‌സ് സ്‌കൂളിനോടു ചേര്‍ന്ന് ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചതും ഇക്കാലയളവിലാണ്.
നീലേശ്വരം താലൂക്ക് ആശുപത്രിക്ക് രണ്ടു കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം പണി ആരംഭിച്ചു. ഗവ.ഹോമിയോ, ആയുര്‍വേദ ആശുപത്രികള്‍, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് ആവശ്യമായ മരുന്നുകളും മറ്റു സാമഗ്രികളും യഥാസമയങ്ങളില്‍ എത്തിച്ചു. നീലേശ്വരം നഗരസഭയെ സമ്പൂര്‍ണ പരസ്യ വെളിയിട വിസര്‍ജന നിര്‍മാര്‍ജന നഗരസഭയായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് മികച്ച നേട്ടമായി കാണുന്നുവെന്ന് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ പറഞ്ഞു.
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കോവിലകം ചിറ വൃത്തിയാക്കി. വിദ്വാന്‍ പി കേളുനായര്‍, എന്‍.കെ ബാലകൃഷ്ണന്‍, എന്‍.ജി കമ്മത്ത്, എന്‍.കെ കുട്ടന്‍ എന്നിവരുടെ പേരില്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തി. കടലോരത്തു ലക്ഷ്യമിടുന്ന സമഗ്ര ടൂറിസം പദ്ധതിയുടെ ഭാഗമായി 12 ലക്ഷം രൂപ ചെലവില്‍ അടിസ്ഥാന സൗകര്യ വികസനത്തിനു തുടക്കം കുറിച്ചതും നഗരസഭയുടെ നേട്ടമാണ്.
കാര്‍ഷിക മേഖലയില്‍ നിരവധി പദ്ധതികള്‍ നടപ്പില്‍ വരുത്തി. ജൈവകൃഷിക്കു പ്രോത്സാഹനവും നല്‍കി. പശ്ചാത്തല മേഖലയിലും നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തനതുഫണ്ടാണു നഗരസഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ പ്രതിപക്ഷത്തിന്റെ സഹകരണത്തോടെ ഇതെല്ലാം മറികടക്കാന്‍ കഴിഞ്ഞതായും ചെയര്‍മാന്‍ പറഞ്ഞു. നഗരത്തിന്റെ സമ്പൂര്‍ണ വികസനമാണ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിടുന്നതെന്നും ചെയര്‍മാന്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."