വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍
കാസര്‍കോട്: വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പിടിയിലായ യുവാവ് റിമാന്‍ഡിലായി. ചെട്ടുംകുഴി ഹിദായത്ത് നഗറിലെ അസ്ഹറുദ്ദീനെ(24) യാണു റിമാന്‍ഡ് ചെയ്തത്. കള്ളക്കഥ പ്രചരിപ്പിച്ചു കാസര്‍കോട്ടു വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് ഇയാളെ ടൗണ്‍ സി.ഐ അറസ്റ്റു ചെയ്തത്. ഈ മാസം ഒന്നിനു വൈകുന്നേരം നഗരത്തിലെ പഴയ പ്രസ് ക്ലബ് ആനബാഗിലു റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തന്നെ മാരുതി വാനിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടി പരുക്കേല്‍പ്പിച്ചുവെന്നു പറഞ്ഞു അസ്ഹറുദ്ദീന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ഇതേ തുടര്‍ന്നു കേസെടുത്ത പൊലിസ് നടത്തിയ അന്വേഷണത്തില്‍ സുഹൃത്തിന്റെ സഹായത്തോടെ അസ്ഹറുദ്ദീന് തന്റെ ശരീരത്തില്‍ മുറിവുണ്ടാക്കി ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് തെളിയുകയായിരുന്നു.
കാസര്‍കോട് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്നു അന്വേഷണ സംഘം പറയുന്നു. വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിനും പൊലിസിനെ കബളിപ്പിച്ചതിനും അസ്ഹറുദ്ദീനെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ഇയാള്‍ നേരത്തെ നല്കിയ പരാതിയില്‍ പൊലിസ് കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."