സഹകരണത്തിന്റെ നൂറുമേനി സഹകരണത്തിന്റെ നൂറുമേനി
തൃക്കരിപ്പൂര്‍: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അവസാന വര്‍ഷത്തില്‍ പദ്ധതിയുടെ നൂറു ശതമാനം വിനിയോഗിച്ചു നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തി. തുടക്കത്തിലുണ്ടായ പരിമിതികളെ മറികടന്നു പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കാന്‍ കഴിഞ്ഞതാണു നൂറുശതമാനത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതെന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി പറഞ്ഞു.
ആദ്യ ഘട്ടത്തിലുള്ള പരിമിതികളെ തരണം ചെയ്തു സാമ്പത്തിക വര്‍ഷം അവസാനിക്കാറായപ്പോള്‍ എല്ലാവരും സര്‍വ കഴിവുകളും ഉപയോഗപ്പെടുത്തി പദ്ധതി നിര്‍വഹണത്തില്‍ വ്യാപൃതരായി. പ്ലാന്‍ കണ്‍ട്രോളര്‍, ആത്മാര്‍ഥതയുള്ള ഉദ്യോഗസ്ഥര്‍, സി.ഡി.എസ്, ജനപ്രതിനിധികള്‍ ഇവരുടെയെല്ലാം നല്ല സഹകരണമാണ് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്താന്‍ കാരണമായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരോഗ്യ മേഖലയിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയത്. കാരണം നിരവധി നിര്‍ധന രോഗികള്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ആറു പഞ്ചായത്തുകളിലുമുണ്ട്.
ജീവിത ശൈലിയിലും മറ്റും ഇന്നു കാന്‍സര്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നു. തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ രോഗം പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയുമെന്നതിനാല്‍ കാന്‍സര്‍ അതീജിവനം പദ്ധതി നടപ്പാക്കി. പാലിയേറ്റിവ് പ്രവര്‍ത്തനം നടപ്പിലാക്കി, ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തിന്റെ എല്ലാ പദ്ധതികള്‍ക്കും ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് എല്ലാവരും സഹകരിച്ചത്. ഈ സഹകരണവും സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തിനര്‍ഹമാക്കാന്‍ കാരണമായത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടര്‍ന്നു വന്ന പദ്ധതികളും പരിപാടികളും അടുത്ത സാമ്പത്തിക വര്‍ഷവും തുടര്‍ന്നു കൊണ്ടുപോകണമെന്നാണ് ആലോചിക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."