മൊബൈല്‍ ഷോപ്പിലെ മോഷണം: പ്രതികള്‍ പിടിയില്‍
മൂവാറ്റുപുഴ: മൊബൈല്‍ ഷോപ്പില്‍ മോഷണം നടത്തിയ തമിഴ്‌നാട്ടുകാരായ മോഷണ സംഘത്തിലെ അഡ്വക്കേറ്റ് അടക്കമുള്ള മൂന്ന് പേരെ തിരുപ്പതിയില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും മൂവാററുപുഴ പൊലിസ് അറസ്റ്റ് ചെയ്തു. മധുരൈ, വടക്ക് തെരുവ് അജിത് കുമാര്‍ (21), ചെന്നൈ 68 മാത്തൂര്‍ എം.എം.ഡി.എയില്‍ കാര്‍ത്തിക്ക് (23), മധുരൈ സൗത്ത് സെക്കന്റ് സ്ട്രീറ്റ് ജീവ നഗറില്‍ നമ്പര്‍ 48 ഡിയില്‍ അഡ്വ. മായാണ്ടി ( 31) എന്നിവരാണ് മൂവാറ്റുപുഴ പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മൂവാററുപുഴ നെഹ്‌റുപാര്‍ക്കിന് സമീപമുള്ള മിസ്റ്റര്‍ മൊബൈല്‍ സ്ഥാപനം കഴിഞ്ഞ 11ന് രാത്രി കുത്തിതുറന്ന് 2,50,000 രൂപയോളം വരുന്ന മൊബൈല്‍ ഫോണുകളും ലാപ് ടോപും 2500 രൂപയും മോഷ്ടിച്ച കേസിലെ പ്രതികളാണിവര്‍.
മോഷണം നടന്ന കടയുടെ സമീപത്തുള്ള സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടങ്ങിയതെന്ന് മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ ബിജുമോന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.മോഷണത്തിനായി സിഫ്റ്റ് കാറില്‍ വന്നതും ഇതില്‍ രണ്ട് പ്രതികള്‍ കട കുത്തിതുറന്ന് അകത്ത് കയറി മോഷണം നടത്തുന്നതും കണ്ടെത്തി. കാറിന്റെ രജിസ്‌ട്രേഡ് ഉടമയെ കണ്ടെത്തി അന്വേഷണം നടത്തിയപ്പോഴാണ് വാഹനം വാടകക്ക് കൊടുത്തിട്ടുള്ളതായും എട്ടോളം പേര്‍ കൈമറിഞ്ഞ് കളമശ്ശേരി പത്തടി പാലത്തിനു സമീപമുള്ള നിജാസിന്റെ കൈയിലെത്തിയതായും വിവരം ലഭിച്ചത്. ഇയാളില്‍ നിന്നും തമിഴ് നാട്ടുകാരനായ അഡ്വ. മായാണ്ടി കാര്‍ വാടകക്കെടുത്ത വിവരം അറിയുന്നത്. പിറവം മണീട് ഭാഗത്ത് ഒറ്റപ്പെട്ട ഒരു വീട്ടില്‍ ഇയാള്‍ മറ്റ് മൂന്ന് പേര്‍ക്കൊപ്പം താമസിച്ചുവരുന്നതായും കണ്ടെത്തി. തുടര്‍ന്ന് പൊലിസ് സംഘം ഈ വീട് റെയ്ഡ് ചെയ്തു. ഇവിടെ നിന്നും വിവിധ തരത്തിലുള്ള മുഖം മൂടികളും കടകള്‍ പൊളിക്കുന്നതിന് ഉപയോഗിക്കുന്ന ആയുധങ്ങളും കണ്ടെത്തി. പൊലിസ് അന്വേഷിക്കുന്ന വിവരം മനസിലാക്കിയ പ്രതികള്‍ സ്ഥലത്തുനിന്നും മുങ്ങുകയായിരുന്നു.
മോഷണത്തിനായി മൂവാറ്റുപുഴക്ക് പോരുന്ന വഴി പിറവത്തുള്ള പള്ളിയുടെ ഭണ്ഡാരം പൊളിച്ചതിനുശേഷം വഴിചോദിക്കുവാനെന്ന വ്യാജേന കാര്‍ നിര്‍ത്തയതിനുശേഷം റോഡില്‍ ഫോണ്‍ ചെയ്തുകൊണ്ട് നിന്നയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുകയും ചെയ്തിരുന്നു. ഇതേ സംഭവത്തില്‍ രാമമംഗലം പോലീസും കേസെടുത്തിരുന്നു. പ്രതികള്‍ മണീടില്‍ താമസിച്ച് കേരളത്തിലാകമാനം വന്‍ മോഷണങ്ങള്‍ നടത്തുവാനാണ് പദ്ധതിയിട്ടിരുന്നത്.
കേസ്സിലെ പ്രതികളായ കാര്‍ത്തിക്ക് തമിഴ് നാട്ടില്‍ രണ്ട് മോഷണ കേസുകളിലും അജിത് മൊബൈല്‍ ഷോപ്പ് കുത്തിതുറന്നതുള്‍പ്പടെ മൂന്ന് കേസിലും പ്രതികളാണ്. മൊബൈല്‍ ഫോണുകളും പ്രതികളില്‍ നിന്ന് കണ്ടെത്തിയ മറ്റു വസ്തുക്കളും റിക്കവറി നടത്തുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് മൂവാറ്റുപുഴ ഡിവൈ.എസ്. പി.കെ ബിജുമോന്‍ പറഞ്ഞു. ജില്ലാ പൊലിസ് മേദാവി രാഹൂല്‍ ആര്‍. നായരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡിവൈ.എസ്.പി കെ. ബിജുമോന്റെ മേല്‍ നോട്ടത്തില്‍ രൂപികരിച്ച അന്വേഷണ സംഘത്തില്‍ സി.ഐ. സി ജയകുമാര്‍, എസ്.ഐ മാരായ ബിജുകുമാര്‍, ഷാരോണ്‍ സി.എസ്, പി.ടി വര്‍ക്കി, എ.എസ്.ഐമാരായ രാജേഷ് കെ.കെ, ഷെമീര്‍ എം.എം, എസ്.സി.പി. അഗസ്റ്റ്യന്‍ ജോസഫ്, സിപിഒ ജീമോന്‍ ജോര്‍ജ്ജ് എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."