തടവുശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനം കാത്ത് കോഴിക്കോട് സ്വദേശി സഊദി ജയിലിലില്‍
ജിദ്ദ: നിശ്ചിത പരിധിയില്‍ കൂടുതല്‍ പണം നാട്ടിലേക്ക് അയച്ച കുറ്റത്തിന് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിക്ക് ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനമായില്ല. സ്വന്തം ഇഖാമയില്‍ കൂടുതല്‍ പണം അയച്ച കുറ്റത്തിന് കോഴിക്കോട് കൊടുവള്ളി സ്വദേശി അലി(50) രണ്ടര വര്‍ഷം മുമ്പാണ് സഊദി അധികൃതരുടെ പിടിയിലാവുന്നത്. മക്കയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരുന്നതിനിടെയായിരുന്നു സംഭവം. കോടതി വിധി പ്രകാരം രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇനി എന്ന് മോചനമാവുമെന്ന് അറിയാതെ ആശങ്കയിലാണ് കുടുംബാംഗങ്ങള്‍. അലി ജയിലില്‍ ആയതോടെ കിടപ്പിലായ മാതാവ് മകനെ അവസാനമായിട്ട് ഒന്നു കാണണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കാന്‍ കഴിയാതെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി.
വിവിധ ആരോഗ്യപ്രശ്‌നങ്ങളാല്‍ വിഷമിക്കുന്ന അലിയുടെ ജയില്‍മോചനം വേഗത്തിലാക്കണമെന്ന് അഭ്യര്‍ഥിച്ച് മാസങ്ങള്‍ക്കു മുമ്പ് അലിയുടെ ഭാര്യ ഇന്ത്യന്‍ എംബസിക്ക് കത്ത് അയച്ചിരുന്നു. എന്നാല്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്ന് ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വിഷയത്തില്‍ ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി അലിയുടെ ബന്ധുക്കള്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ സമീപിച്ചിരിക്കുകയാണ്.
അതേ സമയം ശിക്ഷാ കാലാവധി കഴിഞ്ഞെങ്കിലും മോചനത്തിനാവശ്യമായ നടപടികളൊന്നും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി ബന്ധപ്പെട്ട് ജയില്‍ മോചനം വേഗത്തിലാക്കാന്‍ നടപടി സ്വീകരിച്ചതായി സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."