നിറഞ്ഞമനസോടെ കണ്ണൂര്‍
കണ്ണൂര്‍: ധനമന്ത്രി ടി.എം തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ കണ്ണൂരിനു വന്‍ നേട്ടം. മുഖ്യമന്ത്രിയടക്കം നാലു മന്ത്രിമാരുള്ള ജില്ലയുടെ വികസനത്തിനു എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം വേഗം കൂട്ടും. ചരക്കുഗതാഗതത്തിന്റെ 20 ശതമാനം കടലിലൂടെയാക്കി മാറ്റുന്നതിന്റെ ഭാഗമായി അഴീക്കല്‍ തുറമുഖം ചരക്കുകടത്തിനും തലശ്ശേരി തലായി തുറമുഖം യാത്രക്കാര്‍ക്കു വേണ്ടിയും സജ്ജമാക്കും. അഴീക്കല്‍ തുറമുഖ നിര്‍മാണം വേഗത്തിലാക്കാന്‍ 500 കോടി അനുവദിച്ചു. ഇതു അഴീക്കല്‍ തുറുമുഖം മേജര്‍ തുറമുഖമായി മാറാന്‍ വഴിതുറക്കും. സംസ്ഥാന ബജറ്റില്‍ തുക നീക്കി വടക്കേമലബാറിലെ ഏറ്റവും വലിയ വികസന പ്രവൃത്തികളിലൊന്നാണ് അഴീക്കലിലേത്.
കൊടുവള്ളി-പിണറായി-അഞ്ചരക്കണ്ടി-കണ്ണൂര്‍ വിമാനത്താവള റോഡിനു നാലുവരിപ്പാതയ്ക്കു 50 കോടി അനുവദിച്ചതു ജില്ലയിലെ റോഡ് വികസനത്തിനു നാഴികക്കല്ലാകും. കണ്ണൂര്‍ നഗരത്തില്‍ മേലെചൊവ്വ, തെക്കിബസാര്‍ ജങ്ഷനുകളില്‍ മേല്‍പ്പാലത്തിനു 30 കോടിയും നീക്കിവച്ചിട്ടുണ്ട്. ജില്ലയിലെ ഒട്ടേറെ വികസനപ്രവൃത്തികള്‍ക്കും റോഡുകള്‍ക്കും പാലങ്ങള്‍ക്കും ബജറ്റില്‍ തുക നീക്കിവച്ചു. ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ മെട്രോ നഗരങ്ങളുടെ പട്ടികയിലേക്കു കണ്ണൂരും ഇടംതേടും. അന്യജില്ലകള്‍ റോഡ് വികസനത്തില്‍ ഏറെ മുന്നോട്ടുപോയപ്പോള്‍ കണ്ണൂരടക്കമുള്ള വടക്കേ മലബാറിന് ഏറെ കാലമായി അവഗണനയായിരുന്നു. ഇതിനുള്ള പരിഹാരം കൂടി നിര്‍ദേശിക്കുകയാണു പുതിയ ബജറ്റ്. കണ്ണൂര്‍ സര്‍വകലാശാലയ്ക്കു 23.7 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കൈത്തറി, ഖാദി മേഖയ്ക്കു 71 കോടി രൂപ അനുവദിച്ചതു കൈത്തറിയുടെ ഈറ്റില്ലമായ കൈത്തറിക്കു നേട്ടമാണ്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച അഴീക്കോട് കൈത്തറി ഗ്രാമം പദ്ധതിയെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ല. ജില്ലയില്‍ ആരോഗ്യ മേഖലയില്‍ ബജറ്റില്‍ ഫണ്ട് നീക്കിവച്ചെങ്കിലും പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം ഉണ്ടായില്ല. വ്യവസായ സോണ്‍ ആരംഭിക്കുന്നതിനു മട്ടന്നൂര്‍ പനയത്താംപറമ്പില്‍ 1000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്നും ബജറ്റ് പ്രഖ്യാപനമുണ്ട്.
കൊടുവള്ളി-പിണറായി-അഞ്ചരക്കണ്ടി-കണ്ണൂര്‍ വിമാനത്താവള റോഡ് നാലുവരിപ്പാതയ്ക്കു 50 കോടി
മേലെചൊവ്വ, തെക്കിബസാര്‍ ജങ്ഷനുകളില്‍ മേല്‍പ്പാലത്തിനു 30 കോടി
ചന്തപ്പുര-പരിയാരം മെഡിക്കല്‍കോളജ്, ശ്രീസ്ഥ നെരുവമ്പ്രം-ഏഴോം-കോട്ടക്കീല്‍-വെള്ളിക്കില്‍-ഒഴക്രോം റോഡിനു 25 കോടി
ചൊവ്വ-അഞ്ചരക്കണ്ടി-മട്ടന്നൂര്‍ റോഡിനു 20 കോടി
കണ്ണൂര്‍ വിമാനത്താവള ലിങ്ക് -കാട്ടാമ്പള്ളി-മയ്യില്‍, കൊളോളം റോഡ്, ആലക്കോട്-പൂവഞ്ചാല്‍-മാവിന്‍തട്ട്-കാപ്പിമല റോഡ്, തലശ്ശേരി-ഇരിക്കൂര്‍ റോഡ്, കീഴ്മാടം-കല്ലിക്കണ്ടി-തൂവക്കുന്ന്-കുന്നോത്തുപറമ്പ് റോഡ്, മയ്യില്‍-കാഞ്ഞിരോട് റോഡ്, മേലേചൊവ്വ-മട്ടന്നൂര്‍ റോഡ്, ബാവലിപ്പുഴയ്ക്കു കുറുകെയുള്ള ഓടന്തോട് പാലത്തിനും അപ്രോച്ച് റോഡ് എന്നിവയ്ക്കു 15 കോടി,
മട്ടന്നൂര്‍-ഇരിക്കൂര്‍-റോഡ്, ഇരിക്കൂര്‍-ബ്ലാത്തൂര്‍ റോഡ്, ആറാംമൈല്‍-പാറപ്രം റോഡ്, കുപ്പം പാണപ്പുഴ-കണറംവയല്‍ റോഡ്, ചെറുപുഴ-മുതുവം റോഡ്, പുഞ്ചക്കാട്-പുതിയപുഴക്കര-ഏഴിമല റോഡ്, തളിപ്പറമ്പ്-പട്ടുവം-ചെറുകുന്ന് റോഡ്, കുയ്യാലി-കൊളശ്ശേരി-കായലോട് റോഡ്, കാങ്കോല്‍ റോഡ്, കുണ്ടുചിറ പാലം, തലശ്ശേരി ചേക്കുപാലം എന്നിവയ്ക്കു 10 കോടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."