ഞാനും അവരോടൊപ്പം നോമ്പെടുക്കും, ചിലപ്പോള്‍ കൂട്ടുകാരുടെ വീട്ടില്‍ പോയി തുറക്കുകയും ചെയ്യും
റമദാനും പെരുന്നാളുമൊക്കെ എനിക്ക് നല്ല അത്തര്‍മണമുള്ള ഓര്‍മകളാണ്. ജനിച്ചതും വളര്‍ന്നതും മലബാറിലായതിനാല്‍ അവിടെ എല്ലാ ആഘോഷങ്ങള്‍ക്കും ഒരേ നിറമായിരുന്നു, പ്രത്യേകിച്ച് മലപ്പുറത്തെ വീട്ടില്‍ ആഘോഷങ്ങളെല്ലാം ഒരേ പോലെയായിരുന്നു. മലപ്പുറം ജില്ലയിലെ എ.ആര്‍ നഗറിലായിരുന്നു അഛമ്മയുടെ വീട്. ചെറുപ്രായത്തിലെ മിക്ക ആഘോഷങ്ങളും ഈ വീട്ടില്‍ തന്നെയായിരുന്നു. ഓണത്തിനും വിഷുവിനും പെരുന്നാളിനുമൊക്കെ അഛന്റെ കൂറേ സൂഹൃത്തുക്കള്‍ വീട്ടില്‍ വരും. ഹസന്‍കാക്ക, ദാസഛന്‍ തുടങ്ങിയവരെല്ലാം വീട്ടില്‍ വന്നു ഭക്ഷണം കഴിക്കും, ആ ചിത്രങ്ങളെല്ലാം ഇന്നുമെന്റെ ഓര്‍മയില്‍ ഒളിമങ്ങാതെയുണ്ട്.
നോമ്പുകാലം വളരെ നല്ല ഓര്‍മകളാള്‍ സമ്പന്നമാണ്. അടുത്ത വീട്ടിലെ കുട്ടികളെല്ലാം കൂടി ചേരുന്ന ആഘോഷനാളുകളായിരുന്നു റമദാന്‍. നോമ്പു തുറക്കാനുള്ള പാനീയങ്ങളൊരുക്കാന്‍ ഐസിനായി അയല്‍വാസികള്‍ പലരും വീട്ടില്‍ വരും. ചിലര്‍ പലഹാരങ്ങളുമായി വീട്ടിലെത്തും. മടക്ക് എന്നു പേരുള്ള ഒരു മധുരപലഹാരമുണ്ട്, മഞ്ഞ നിറത്തിലുള്ള, അത് എന്റെ വീട്ടില്‍ നിറയേയുണ്ടാവും. കറിയും പത്തിരിയുമായും ചില കൂട്ടൂകാര്‍ വീട്ടില്‍ വരും, ഇന്നും രുചിയൂറന്ന ഓര്‍മകളാണതെല്ലാം.
ഞാനും അഛനും അമ്മയും താമസിച്ചിരുന്നത് കോഴിക്കോട് യൂണിവേഴ്‌സിറ്റിക്കടുത്തായിരുന്നു. മുന്‍ മന്ത്രിയായിരുന്ന ഇമ്പിച്ചിബാവ സാറിന്റെ മകളായ സീനത്താന്റിയുണ്ടായിരുന്നു അവിടെ ഞങ്ങളുടെ അയല്‍വാസിയായി. ആന്റിയുടെ വീട്ടില്‍ നിന്നും എപ്പോഴും നൈസ് പത്തിരിയും ചിക്കന്‍ കറിയും ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരും. ആ കറിയുടെ രുചിയൊക്കെ ഇപ്പോഴും നാവിന്‍ തുമ്പിലുണ്ട്. നോമ്പുകാലത്തെ തരിക്കഞ്ഞിയുടെ വിശേഷം പറയേണ്ടതില്ല, സവിശേഷ ഇനമായ തരിക്കഞ്ഞിയുടെ രുചിയും സ്വാദും നോമ്പുകാലമായാല്‍ ഞാന്‍ ഓര്‍ത്തുപോവാറുണ്ട്. അങ്ങനെ പലപല ഓര്‍മകള്‍ ഇപ്പോള്‍ എന്റെ മനസ്സിലേക്ക് വരുന്നുണ്ട്.
എന്റെ ബിരുദ പഠനം ഫാറൂഖ്് കോളേജിലിയാരുന്നു. കൂട്ടുകാരിലധിക പേരും നോമ്പെടുക്കുന്നവരായിരിക്കും. ഒറ്റക്ക് പോയി ഭക്ഷണം കഴിക്കാനൊന്നും തോന്നില്ല, അപ്പം ഞാനും അവരോടൊപ്പം നോമ്പെടുക്കും. ചിലപ്പോള്‍ കൂട്ടുകാരുടെ വീട്ടില്‍ പോയി നോമ്പു തുറക്കുകയും ചെയ്യും.
പെരുന്നാള്‍ മാസപ്പിറ കണ്ടാന്‍ കൂട്ടുകാരോടൊപ്പം നമ്മളും പുതു വസ്ത്രങ്ങളണിയും. അവര്‍ പള്ളിയില്‍ പോയി നിസ്‌കാരം കഴിഞ്ഞുവന്നാല്‍ പുതിയ വസ്ത്രങ്ങളണിഞ്ഞ് പുറത്തേക്ക് പോവും, കൂട്ടുകാരുടെ വീടുകളില്‍ കയറിയിറങ്ങും. ഇങ്ങനെ നല്ല സന്തോഷമുള്ള ഓര്‍മകളാല്‍ മാത്രം സമ്പനമാണ് ആ ദിനങ്ങള്‍.
ഇപ്പോള്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, വിഷും ഈസ്റ്ററുമെല്ലാം ലോക്ക്ഡൗണിലായിരുന്നു. റമദാനും പെരുന്നാളും ഏറെക്കുറെ അതുപോലെ തന്നയാവും. പെരുന്നാളുമായി ബന്ധപ്പെട്ടു പല നല്ല പാട്ടുകള്‍ പാടിയ ഓര്‍മയും എനിക്കുണ്ട്.
ലോകം മുഴുവന്‍ ലോക്ക്ഡൗണിലായതിന്റെ സങ്കടമുണ്ട്. പല കച്ചവടങ്ങളും മുടങ്ങും. മിഠായിത്തെരുവൊക്കെ ഒഴിഞ്ഞു കിടക്കുന്ന കാഴ്ച്ച വാര്‍ത്തയില്‍ കണ്ടിരുന്നു. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആരുടേയും ഓര്‍മയില്‍ വിജനമായ ഈ തെരുവുകള്‍ ഉണ്ടാവില്ല. അനക്കമില്ലാത്ത മിഠായിത്തെരുവൊക്കെ കാണുമ്പോഴുള്ള ചെറിയ വിഷമം മനസ്സിലുണ്ട്. ഇതൊക്കെ ശരിയാവും എന്നു തന്നെയാണ് നമ്മുടെയെല്ലാം പ്രതീക്ഷ. സ്‌നേഹത്തോടെയും കരുതലോടയുമിരിക്കുന്ന ഒരു നാള്‍ തിരിച്ചുവരാനായി നാം ജാഗ്രതയോടെ നില്‍ക്കുകാണ്. നല്ലൊരു റമദാന്‍ മാസം ആശംസിക്കുകയാണ് എല്ലാവര്‍ക്കും.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2020/05/sithara-video.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."