കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം
പാലാ: കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് ഇനി മുതല്‍ ഐ.എസ്.ഒ നിലവാരത്തില്‍. ഐ.എസ്.ഒ പ്രഖ്യാപനം ജോസ്.കെ.മാണി എം.പി നിര്‍വ്വഹിച്ചു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളും ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പഞ്ചായത്തുകള്‍ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയരുമ്പോള്‍ സാധാരണക്കാര്‍ക്ക് വേഗത്തില്‍ സേവനം ലഭ്യമാകും. വിവരാവകാശ രേഖകള്‍ സമയബന്ധിതമായി നല്‍കുവാന്‍ സാധിക്കണം. കേന്ദ്രഫണ്ടില്‍ നിന്ന് അനുവദിക്കുന്ന പണം നൂതന പദ്ധതികള്‍ക്കായി വിനിയോഗിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് പ്രസിഡന്റ് ലിസി ഏബ്രഹാമും സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമളും ചേര്‍ന്ന് എം.പി യില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഫ്രണ്ട് ഓഫീസ്, റെക്കോര്‍ഡ് റൂം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.. പൊതു ജനങ്ങളുടെ സൗകര്യാര്‍ത്ഥം ഹെല്‍പ്പ് ഡെസ്‌ക് , കുടിവെള്ളം, ടെലിവിഷന്‍, സംഗീതം, ഫീഡിംഗ് റൂം തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പൊതുവായ അന്തരീക്ഷവും ആകര്‍ഷകത്വവും വര്‍ദ്ധിപ്പിക്കുന്നതിന് ഓഫീസിനു മുന്‍വശത്ത് സൗന്ദര്യവല്‍ക്കരണവും നടത്തിയിട്ടുണ്ട്. രേഖകളും പ്രമാണങ്ങളും ചിട്ടപ്പെടുത്തി ഡിജിറ്റലൈസ് ചെയ്ത് റെക്കോര്‍ഡ് റൂമിലേയ്ക്ക് മാറ്റി.
പഞ്ചായത്ത് പരിധിയില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെയും കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് തോടുകളുടെ സംരക്ഷണ ഭിത്തി ബലപ്പെടുത്തിയതിന്റെയും ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുന്നതിന് പ്രാധാന്യം നല്‍കണമെന്നും ഐ.എസ്.ഒ അംഗീകാരം വഴി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി ഏബ്രഹാം അധ്യക്ഷയായി.അക്കാദമിക് രംഗത്ത് മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന്‍ താമരശേരി അനുമോദിച്ചു.സി.ഡി.എസ്, എന്‍.ആര്‍.ഇ.ജി.എസ്, പാലീയേറ്റീവ് കെയര്‍ പ്രവര്‍ത്തകരെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബെറ്റി റോയി ആദരിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സലിം ഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റെനി ജയന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റ്റീന മാളിയേക്കല്‍, ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി ജോമോന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രകാശ് ബാബു, ജ്യോതി ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ , ഉദ്യോഗസ്ഥര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബി തോമസ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സോണി ബി ഹരിബാല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."