തൊഴിലാളി ക്ഷാമം കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു
പുല്‍പ്പള്ളി: പുതുമഴ പെയ്തതോടെ കൃഷിയിടങ്ങള്‍ സജീവമായി. എന്നാല്‍ കാര്‍ഷിക മേഖലയിലെ തൊഴിലാളി ക്ഷാമം കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു.കപ്പ, ചേന, ഇഞ്ചി തുടങ്ങിയവയുടെ നടീല്‍ ആരംഭിക്കുന്നതിന് തൊഴിലാളികളെ കിട്ടാതെ കര്‍ഷകര്‍ വലയുകയാണ്.
നിലവിലുണ്ടായിരുന്ന ഭൂരിഭാഗം തൊഴിലാളികളും രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് പണിയില്ലാതായതിനാല്‍ കൂട്ടത്തോടെ കര്‍ണാടകയിലെ ഇഞ്ചിപണിക്കും കുടകില്‍ കുരുമുളക് പറിക്കുന്നതിനും വേണ്ടി പോയതോടെയാണ് പണിയെടുക്കാന്‍ ആളില്ലാത്ത അവസ്ഥയിലായത്.വേനല്‍ കനത്തതോടെ ഭൂരിഭാഗം കര്‍ഷകരും കൃഷിപ്പണികള്‍ നിര്‍ത്തിവച്ചതിനാലാണ് തൊഴിലാളികള്‍ അന്യസംസ്ഥാനത്ത് ജോലി അന്വേഷിച്ച് പോകാന്‍ കാരണം.
കഴിഞ്ഞ മൂന്ന് ദിവസമായി തുടര്‍ച്ചയായി വേനല്‍ മഴ ലഭിച്ചതോടെ കപ്പയും മറ്റു നടീല്‍ വസ്തുക്കള്‍ നടുന്നതിനും ഇഞ്ചിക്ക് സ്ഥലമൊരുക്കുന്നതിനും കഴിയാത്ത അവസ്ഥയാണ്. നാണ്യവിളകളുടെ നാശത്തിന് ശേഷം ചെറുകൃഷികളിലേക്കാണ് കര്‍ഷകര്‍ ഭൂരിഭാഗവും ശ്രദ്ധിക്കുന്നത്. കുരുമുളക്, കാപ്പി തുടങ്ങിയ കൃഷികളുടെ കീടബാധയും ഉല്പാദന കുറവുമാണ് കര്‍ഷകര്‍ മറ്റ് കൃഷികളിലേക്ക് തിരിയാന്‍ കാരണം. സ്വന്തമായി വാഹനമുള്ളവര്‍ കോളനിയില്‍ പോയി തൊഴിലാളികളെ കൂട്ടിക്കൊണ്ടുവന്നാണ് നേരത്തെ കൃഷിപ്പണികള്‍ നടത്തിയിരുന്നത്. ഇപ്പോള്‍ അതിനും കഴിയാത്ത അവസ്ഥയാണ്.
വര്‍ധിച്ച കൃഷി ചെലവുകള്‍ കര്‍ഷകര്‍ക്ക് ദോഷമായിരിക്കുകയാണ്. ഇഞ്ചിയുടെ വിലയിടിവും ഉല്പാദനക്കുറവും ഭൂരിഭാഗം കര്‍ഷകരെയും കടക്കെണിയിലാക്കിയിരിക്കുകയാണ്. ഇതുമൂലം അന്യസംസ്ഥാനങ്ങളില്‍ പോയി ഇഞ്ചികൃഷിയും മറ്റും നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഭൂരിഭാഗം കര്‍ഷകര്‍ക്കും നിത്യചെലവിന് പോലും പണം കണ്ടെത്താന്‍ കഴിയുന്നില്ല. കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങളില്‍ വാഴ, ചേന, കപ്പ തുടങ്ങിയ കൃഷികള്‍ ചെയ്യാന്‍ തൊഴിലാളികളെ കിട്ടുന്നില്ല. കൂട്ടത്തോടെ കര്‍ഷകര്‍ കൃഷിപണികള്‍ ആരംഭിച്ചതാണ് കുടിയേറ്റ മേഖലയില്‍ തൊഴിലാളി ക്ഷാമത്തിന് പ്രധാനകാരണം. സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി ജോലികള്‍ കാര്‍ഷിക മേഖലയിലെ ഇപ്പോഴത്തെ പണികളിലേക്ക് മാറ്റിയാല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് കൃഷികള്‍ യഥാസമയം ഇറക്കാന്‍ കഴിയുന്ന സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."