വേനല്‍മഴയും കാറ്റും; ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങള്‍
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ലക്ഷങ്ങളുടെ കൃഷിനാശം. കുലച്ചതും കുലക്കാനായതുമായ നൂറുകണക്കിന് നേന്ത്രവാഴകളാണ് നിലംപൊത്തിയത്. മേഫീഡ് സ്വദേശികളായ മണികണ്ഠന്‍, ഷാജഹാന്‍ എന്നിവര്‍ അഞ്ചിക്കുന്നില്‍ കൃഷി ചെയ്ത നേന്ത്രവാഴത്തോട്ടത്തിലെ 1500 കുല വന്ന് ഒരു മാസമായ വാഴകളാണ് പൂര്‍ണമായി നശിച്ചത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കര്‍ഷകര്‍ പറഞ്ഞു. ഇതിനു പുറമെ പല ഭാഗങ്ങളിലും കാറ്റിലും മഴയിലും വാഴക്കൃഷി നശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പനമരം: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും കാറ്റിലും പനമരം ഗവ.ഹൈസ്‌കൂളിലെ ശുചിമുറിയുടെ മേല്‍ക്കൂര തകര്‍ന്നു. മേല്‍ക്കൂരയിലെ ഷീറ്റ് പൂര്‍ണമായും കാറ്റെടുത്തു. പ്ലസ്ടു കെട്ടിടത്തിന്റെ ഷീറ്റും കാറ്റില്‍ നിലം പൊത്തി. കുടിവെള്ള ടാങ്കും നിലത്ത് വീണു.
തൊട്ടടുത്തനഴ്‌സിങ് സ്‌കൂളിന്റെ മേല്‍ക്കൂരയും കാറ്റില്‍ നിലം പൊത്തിയിട്ടുണ്ട്. കാറ്റും മഴയും പ്രദേശത്തെ ചിലയിടങ്ങളില്‍ വന്‍ നാശം വരുത്തിയിട്ടുണ്ട്. നീരട്ടാടിയിലെ അഷ്‌റഫിന്റെ വീടിന്റെ ഷീറ്റും മാവിന്‍ കൊമ്പ് വീണ് വീടിന്റെ ഭിത്തിക്കും കേട് സംഭവിച്ചിട്ടുണ്ട്.
കണിയാമ്പറ്റ: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും വീശിയടിച്ച കാറ്റിലും പച്ചിലക്കാട്ടും പരിസരത്തും വ്യാപക നാശനഷ്ടങ്ങള്‍.
പച്ചിലക്കാട് ജംഗ്ഷനില്‍ നിര്‍ത്തിയിട്ട കൂടോത്തുമ്മല്‍ സ്വദേശിയുടെ മാരുതി 800 കാര്‍ മരം വീണ് പൂര്‍ണ്ണമായും തകര്‍ന്നു. മരം വീണ് ഇവിടെ ഗതാഗതവും തടസ്സപ്പെട്ടു. മില്ലുമുക്ക് പള്ളിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് മുകളിലും മരം വീണു. സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."