ആലത്തൂര്‍ എസ്റ്റേറ്റ് ഏറ്റെടുക്കല്‍ അട്ടിമറിക്കാന്‍ നീക്കം
കാട്ടിക്കുളം: കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കവേ ഏറ്റെടുക്കല്‍ അട്ടിമറിക്കാന്‍ രാഷ്ട്രീയ നീക്കം.
തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായിത്തീരുമെന്ന ഭീതി സൃഷ്ടിച്ച്, തൊഴിലാളികളെ മുന്‍നിര്‍ത്തി എസ്‌റ്റേറ്റ് ഏറ്റെടുക്കല്‍ നടപടി തടഞ്ഞ് അനധികൃത കൈവശക്കാരനായ ഈശ്വറിനെ സഹായിക്കാന്‍ പ്രമുഖ രാഷ്ട്രീയ കക്ഷി തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. എസ്ചീറ്റ് ആന്‍ഡ് ഫോര്‍ഫീച്ചര്‍ ആക്ട് പ്രകാരം സര്‍ക്കാരിലേക്ക് വന്നു ചേരേണ്ടതാണ് എസ്‌റ്റേറ്റ്.
അവിവാഹിതനും അവകാശികളില്ലാതെയും കഴിഞ്ഞിരുന്ന എഡ്‌വിന്‍ ജുബര്‍ട്ട് വാനിംഗന്‍ എന്ന വിദേശ പൗരന്റെ ഉടമസ്ഥതയിലായിരുന്നു നിത്യഹരിത വനത്തിനു സമാനമാംവിധം വന്‍മരങ്ങളും ജൈവവൈവിധ്യങ്ങളും നിറഞ്ഞ കാട്ടിക്കുളത്തെ 246 ഏക്കറുകളോളം വരുന്ന ആലത്തൂര്‍ എസ്റ്റേറ്റ്. 2013 മാര്‍ച്ച് 11 ന് 95ാം വയസ്സില്‍ വാനിംഗന്‍ സായിപ്പ് മരിക്കുകയും അദ്ദേഹത്തിന് ഭാര്യയോ, മക്കളോ മറ്റ് അനന്തരാവകാശികളോ ഇല്ലാത്തതിനാല്‍ എസ്ചീറ്റ് ആന്‍ഡ് ഫോര്‍ഫീച്ചര്‍ ആക്ട് പ്രകാരം ഈ എസ്റ്റേറ്റ് സ്വമേധയാ സര്‍ക്കാരിലേക്ക് വന്നു ചേരേണ്ടതുമാണ്.
അതനുസരിച്ച് 2013 നവംബറിലെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ എസ്റ്റേറ്റ് സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിനുള്ള സത്വര നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ച് 2013 ഡിസംബറില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ലാന്‍ഡ ് റവന്യൂ കമ്മീഷണര്‍ക്ക് രേഖാമൂലം ഉത്തരവ് നല്‍കുകയും ചെയ്തു.
എന്നാല്‍ വാനിംഗന്‍ സായിപ്പ് തന്നെ ദത്തെടുക്കുകയും പിന്നീട് ദത്തുപുത്രനായ തനിക്ക് എസ്റ്റേറ്റ് ദാനധാരപ്രകാരം രജിസ്റ്റര്‍ ചെയ്തു നല്‍കുകയും ചെയ്തിട്ടുണ്ടെന്നവകാശപ്പെട്ട് കര്‍ണാടക സ്വദേശിയായ മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ എന്ന വ്യക്തി രംഗത്തു വരികയും എസ്റ്റേറ്റിന്റെ മാനേജ്‌മെന്റ ് സ്വമേധയാ കയ്യടക്കുകയും ചെയ്തതോടെ ഏറ്റെടുക്കല്‍ നടപടി മന്ദഗതിയിലായി. പിന്നീട് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ ഒത്താശയോടെ 2006-2015 കാലഘട്ടങ്ങളില്‍ വെട്ടിമുറിച്ച് വില്‍ക്കുകയും ചെയ്തു. ഈശ്വറിനെ വാനിംഗന്‍ സായിപ്പ് ദത്തെടുത്തെന്നും, എസ്റ്റേറ്റ് എഴുതിക്കൊടുത്തിട്ടുണ്ടെന്നും പറയുന്ന അവകാശ രേഖകള്‍ സാധ്യതയില്ലാത്തതാണെന്നു കണ്ടെത്തിയിട്ടുപോലും മരം മുറി തടയാനോ എസ്റ്റേറ്റ് ഏറ്റെടുക്കാനോ ബന്ധപ്പെട്ട അധികൃതര്‍ താല്‍പര്യം കാണിച്ചിരുന്നില്ല. അങ്ങനെ ഈശ്വര്‍ അനധികൃതമായി കൈവശം വച്ച് വരുന്ന സര്‍ക്കാരിലേക്ക് നിക്ഷിപ്തമാവേണ്ട എസ്റ്റേറ്റിലെ അവശേഷിക്കുന്ന വീട്ടി ഉള്‍പ്പെടെ വിലപിടിപ്പുള്ള മരങ്ങള്‍ കൂടി മുറിച്ചു വില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എല്ലാ വീട്ടിമരങ്ങള്‍ക്കും തകിടില്‍ നമ്പറിട്ട് മരത്തില്‍ ആണിയടിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ പൊതുപ്രവര്‍ത്തകനായ ബെന്നി വര്‍ഗീസ് പൂത്തറയിലും, ജില്ലയിലെ പരിസ്ഥിതി സംഘടനയും, ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് മരംമുറി തടയണമെന്നും 2013 ലെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവനുസരിച്ച് എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹരജികളുടെ ഫലമായി ഏറ്റെടുക്കല്‍ നടപടി വീണ്ടും ഊര്‍ജ്ജിതമാക്കിയത്.
ഈ ഘട്ടത്തിലാണ് അനധികൃത കൈവശക്കാരനായ ഈശ്വറിനെ സഹായിക്കാന്‍ ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."