ദേശീയപാതയിലെ വഴിവിളക്കുകള്‍ കണ്ണടച്ചു; അപകടഭീഷണിയില്‍ യാത്രക്കാര്‍
അരൂര്‍: മിഴി അടച്ച് ദേശിയ പാതയിലെ വഴിവിളക്കുകള്‍. അറ്റകുറ്റപണികള്‍ നടത്താതെ വിളക്കുകാലില്‍ ബഹുവര്‍ണ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച് കരാറുകാരന്‍ ലക്ഷങ്ങള്‍ കൈക്കലാക്കുന്നു.
വഴിവിളക്കിന് വൈദ്യുത ചാര്‍ജ് ഇനത്തില്‍ ലക്ഷങ്ങള്‍ കെ.എസ്.ഇ.ബിയ്ക്കു നല്‍കി ഗ്രാമപഞ്ചായത്ത് വന്‍ നഷ്ടം ഉണ്ടാക്കുന്നെന്നും കരാറുകാരനെ സഹായിക്കുന്ന നിലപാടാണ് ഗ്രാമപഞ്ചായത്ത് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
ദേശീയപാതയില്‍ കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടതോടെ രാത്രിയില്‍ റോഡിലൂടെയുള്ള യാത്ര ഇരുചക്രവാഹന യാത്രിക്കാര്‍ക്ക് പേടി സ്വപ്നമാണ്. തങ്കിക്കവല, പുതിയകാവ്, വയലാര്‍, പട്ടണക്കാട്, പൊന്നാംവെളി, പത്മാക്ഷിക്കവല, പുത്തന്‍ചന്ത, തുറവുര്‍, എന്‍.സി.സി.കവല, പാട്ടുകുളങ്ങര, കുത്തിയതോട്, കോടംതുരുത്ത്, ചമ്മനാട്, എരമല്ലൂര്‍, ചന്തിരൂര്‍, അരൂര്‍ തുടങ്ങിയ ഭാഗങ്ങളിലാണ് അപകടകെണിയായി നിരവധി കുഴികളുളളത്.
അരൂര്‍ പെട്രോള്‍പമ്പിന് തെക്കുവശം, പിളളമുക്ക്, കോടംതുരുത്ത്, പാട്ടുകുളങ്ങര, വയലാര്‍ കവല, തങ്കി ക്കവല എന്നിവിടങ്ങളില്‍ മഴക്കാലത്ത് കനത്ത വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ദേശീയ പാതയോരത്ത് മതിയായ കാന സൗകര്യ മില്ലാത്തതാണ് ഇതിനു കാരണം. ദേശീയപാത മീഡിയനുകളും പാതയോരവും ഇപ്പോള്‍ കാട്കയറിയ നിലയിലാണ്. അനധികൃത കൈയേറ്റവും വ്യാപകമായി. നടപ്പാതയും റോഡും തമ്മിലുള്ള ഉയര വ്യത്യാസം മൂലം കാല്‍നടയാത്രക്കാരും വാഹനങ്ങളും അപകടത്തില്‍പ്പെടുന്നുണ്ട്.
യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താതെ വന്നതോടെയാണ് കുഴികള്‍ നിറഞ്ഞ് ദേശീയ പാത അപകട മേഖലയായി തീര്‍ന്നത്. 2015 ലാണ് പാത അവസാനമായി ടാറിംഗ് ചെയ്തത്. മീഡിയനില്‍ സ്ഥിതി ചെയ്യുന്ന 'മിന്നാമിന്ന് വിളക്കുകള്‍' മാറ്റി നല്ല പ്രകാശമുള്ള വിളക്കുകള്‍ സ്ഥാപിക്കാനെടുത്ത തീരുമാനവും കടലാസില്‍ ഒതുങ്ങിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."