ജലത്തിന്റെ വിലയറിയാതെ അധികൃതര്‍; ശുദ്ധജലം പാഴാകുമ്പോഴും നടപടിയില്ല
കൊളത്തൂര്‍: ജനം വെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും വെള്ളം പാഴാകുന്നതിന് ഒരു കുറവുമില്ല. ചന്തപ്പടി സ്കൂളിന് മുന്നില്‍ റോഡിലൂടെ വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.
മൂര്‍ക്കനാട് മേജര്‍ ശുദ്ധജല പദ്ധതിയില്‍ നിര്‍മിച്ച പ്രധാന പൈപ്പ് ലൈനിന്റെ ജോയിന്റ് പൊട്ടുന്നത് മൂലമാണ് ഇവിടെ ഇടക്കിടെ പൈപ്പ് തകരാറിലാകുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് രണ്ടു തവണ ഇതേ സ്ഥലത്ത് പൈപ്പ് തകരാറിലായിരുന്നു. അന്നെല്ലാം തകരാര്‍ തീര്‍ത്തിരുന്നു. എന്നാല്‍ ശരിയാക്കിയിട്ട് ഒരു മാസമായതോടെ പൈപ്പ് ലൈന്‍ വീണ്ടും തകരാറിലായി.
കൊളത്തൂര്‍ ചന്തപ്പടി എല്‍.പി സ്കൂളിന് സമീപം ദിവസങ്ങള്‍ക്ക് മുന്‍പ് തകരാറിലായ പൈപ്പ് ലൈനില്‍ ശനിയാഴ്ച്ചയോടെയാണ് വെള്ളത്തിന്റെ പുറത്തോട്ടുള്ള ഒഴുക്കിന്റെ കാഠിന്യം വര്‍ധിച്ചത്. ഇതോടെ റോഡിന്റെ ഇരുഭാഗങ്ങളായ പൊലിസ് സ്റ്റേഷന് പരിസരം, ചന്തപ്പടി ബൈപ്പാസ് എന്നീ ഭാഗങ്ങളിലേക്ക് രാപ്പകലില്ലാതെ ശുദ്ധജലം ഒഴുകിക്കൊണ്ടിരിക്കയാണ്.
ചന്തപ്പടി ബൈപ്പാസ് റോഡ്, കാരാട്ടുപറമ്പ് റോഡ് എന്നിവിടങ്ങളിലേക്കുള്ള വഴികളിലെല്ലാം വെള്ളം കെട്ടി നില്ക്കുകയാണിപ്പോള്. വിഷയം അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും എടുത്തില്ലെന്ന് പ്രദേശവാസികള്‍ പരാതി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."