അടുത്ത വര്‍ഷം മുതല്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഒരേസമയം
#പ്രവൃത്തി ദിനങ്ങള്‍ 203
സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ച് മുതല്‍ എട്ട് വരെ കാസര്‍കോട്ട്
തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ പരീക്ഷകള്‍ ഒരേസമയം നടത്താന്‍ തീരുമാനം. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷ മുതല്‍ വാര്‍ഷിക പരീക്ഷ വരെയുള്ളവ ഒരേ സമയം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവൃത്തി ദിവസങ്ങള്‍ 203 ആയി നിജപ്പെടുത്തും. ആറ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കാനും പൊതുവിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തില്‍ തീരുമാനമായി. പ്രവൃത്തി ദിവസങ്ങള്‍ 203 ആക്കി നിജപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അധ്യാപക സംഘടന പ്രതിനിധികള്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി.
അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ച് മുതല്‍ എട്ട് വരെ കാസര്‍കോട്ട് വച്ച് നടക്കും. ആറ് ദിവസമായിരുന്ന കലോത്സവം പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മൂന്നു ദിവസമാക്കി ചുരുക്കിയിരുന്നു. അടുത്ത വര്‍ഷമത് നാല് ദിവസങ്ങളിലായി നിജപ്പെടുത്തിയിട്ടുണ്ട്.
മുസ്‌ലിം കലണ്ടര്‍ പ്രകാരമുള്ള സ്‌കൂളുകള്‍ മധ്യവേനലവധിക്കു ശേഷം 2019 ജൂണ്‍ ആറിന് തുറക്കുകയും 2020ലെ മധ്യവേനലവധിക്കു ശേഷം ഏപ്രില്‍ 22ന് അടയ്ക്കുകയും ചെയ്യും. ഓഗസ്റ്റ് 17, 24, 31 ഒക്ടോബര്‍ അഞ്ച്, ജനുവരി നാല്, ഫെബ്രുവരി 22 എന്നീ ശനിയാഴ്ചകള്‍ ഉള്‍പ്പെടെയാണ് 203 പ്രവൃത്തി ദിനങ്ങള്‍ കണക്കാക്കിയിരിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറിക്കും ഇത് ബാധകമാണ്. വി.എച്ച്.എസ്.ഇക്ക് 226 ദിവസമാണ് പ്രവൃത്തിദിനം. 'പഠനോത്സവം മുതല്‍ പ്രവേശനോത്സവം വരെ' എന്ന പേരില്‍ എല്ലാ വിദ്യാലയങ്ങളുടെയും നേതൃത്വത്തില്‍ പൊതു സമൂഹത്തിന്റെ പിന്തുണയോടെ ഏപ്രില്‍ മുതല്‍ ഗൃഹസന്ദര്‍ശനം നടത്തി പൊതു വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ യോഗത്തില്‍ അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ജീവന്‍ ബാബു, അധ്യാപക സംഘടനാ പ്രതിനിധികളായ കെ.സി ഹരികൃഷ്ണന്‍, എന്‍. ശ്രീകുമാര്‍, എ.കെ സൈനുദീന്‍, വി.കെ അജിത്ത് കുമാര്‍, എം. തമീമുദ്ദീന്‍, ജയിംസ് കുര്യന്‍, വിജയന്‍ ടി.വി, അനൂപ് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."