കീഴ്മാട് ബോയ്‌സ് സ്‌കൂളിന്റേത് പരിശ്രമത്തിന്റെ വിജയമെന്ന് കലക്ടര്‍
കാക്കനാട്: കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ കീഴ്മാട് ഗവ. ബോയ്‌സ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നേടിയ 100 ശതമാനം വിജയം പരിശ്രമത്തിന്റെ ഫലമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ സാക്ഷ്യം. പരീക്ഷയെഴുതിയ 31 കുട്ടികളും വിജയം കണ്ടപ്പോള്‍ ഒരു കുട്ടി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസും നേടി. സ്‌കൂളിലൊരുക്കിയ അനുമോദനയോഗത്തില്‍ മുഖ്യാതിഥിയായി എത്തിയ ജില്ലാ കലക്ടര്‍ വിജയികളെയും വിജയത്തിലേക്ക് സ്‌കൂളിനെ നയിച്ച അധ്യാപകരെയും മറ്റു ജീവനക്കാരെയും അഭിനന്ദിച്ചു.
2002 മുതല്‍ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്ന സ്‌കൂള്‍ രണ്ടാം തവണയാണ് 100 ശതമാനം വിജയം നേടുന്നത്. പഠനത്തില്‍ ഏറ്റവും പിന്നിലുള്ളവരെ പ്രത്യേകം പരിഗണിച്ചുകൊണ്ട് ക്ലാസുകള്‍ ചിട്ടപ്പെടുത്തിയതാണ് നേട്ടത്തിന്റെ കാരണമെന്ന് സ്‌കൂളിലെ സീനിയര്‍ സൂപ്രണ്ട് അന്‍വര്‍ പറഞ്ഞു.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഗവേണിങ് ബോഡി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ തങ്ങളോടുകാട്ടുന്ന സ്‌നേഹത്തിനുള്ള സമ്മാനമാണ് ഈ വിജയമെന്ന് കുട്ടികള്‍ പറയുന്നു. കഴിഞ്ഞ പ്ലസ് ടു പരീക്ഷയിലെ വിജയവും സ്‌കൂളിന് മുതല്‍ക്കൂട്ടാണ്.
ഫലം വന്നപ്പോള്‍ പരീക്ഷയെഴുതിയ 35 പേരില്‍ രണ്ടുപേര്‍ മാത്രം വിജയത്തിന്റെ പടി കടന്നില്ല. കോഴിക്കോടുള്ള ഒരു മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പൂട്ടിയതിനെ തുടര്‍ന്ന് കീഴ്മാട് സ്‌കൂളില്‍ ചേര്‍ന്ന ആ രണ്ടുപേരില്‍ ഒരാള്‍ കണക്കിനും മറ്റേയാള്‍ കണക്കിനും ഫിസിക്‌സിനുമാണ് തോറ്റത്. എന്നാല്‍ സേ ഫലം വന്നപ്പോള്‍ അവരും വിജയികളുടെ പട്ടികയില്‍ ഇടം നേടി. പഠനത്തില്‍ പിന്നിലാകുന്നതിലെ വ്യക്തിപരമായ പ്രശ്‌നം മനസിലാക്കി അതിനനുസരിച്ച് പാഠഭാഗങ്ങള്‍ ചിട്ടപ്പെടുത്തി പരിശീലിപ്പിക്കുന്നതില്‍ ഇവരുടെ കാര്യത്തിലും ഇവിടുത്തെ അധ്യാപകര്‍ വിജയിച്ചു.
അനുമോദനയോഗത്തില്‍ കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് രമേഷ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ജോസഫ് ജോണ്‍, പ്രിന്‍സിപ്പാള്‍ ഷീല, ഹെഡ് മാസ്റ്റര്‍ പ്രകാശ് നാരായണന്‍, സീനിയര്‍ സൂപ്രണ്ട് എന്‍.എച്ച്.അന്‍വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."