മകന്‍ നിര്‍ബന്ധിച്ചു; ബി.ജെ.ഡി എം.പി സജീവ രാഷ്ട്രീയത്തോട് വിടപറയുന്നു
ഭുവനേശ്വര്‍: മകന്റെ നിര്‍ബന്ധത്തിന് വഴങ്ങി സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുന്നതായി ബി.ജെ.ഡി നേതാവും ദെങ്കലില്‍നിന്നുള്ള എം.പിയുമായ തദാഗതാ സത്പതി. മുന്‍ ഒഡിഷ മുഖ്യമന്ത്രി നന്ദിനി സത്പതിയുടെ മകനായ തദാഗത ഇന്നലെയാണ് തന്റെ 13 കാരനായ മകന്‍ ആരില്‍ ചെയുടെ നിര്‍ബന്ധം കാരണം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായി അറിയിച്ചത്. ദെങ്കലില്‍നിന്ന് നാലുതവണയാണ് അദ്ദേഹം എം.പിയായത്.
മകന്‍ ശക്തമായി സമ്മര്‍ദം ചെലുത്തുകയാണ്. താന്‍ വീട്ടില്‍ തന്നെ നില്‍ക്കണമെന്നാണ് അവന്റെ ആഗ്രഹം. അതുകൊണ്ട് ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും പത്രപ്രവര്‍ത്തനത്തിലേക്ക് മാറുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഒഡിഷയിലെ മൂന്ന് പ്രധാന പത്രങ്ങളിലൊന്നായ ധരിത്രിയുടെ എഡിറ്റര്‍ കൂടിയാണ് തദാഗത.
സജീവ രാഷ്ട്രീയത്തില്‍നിന്ന് മാറുകയാണെന്ന് കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹം പ്രഖ്യാപിച്ചതോടെ ഒട്ടേറെ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ആന്‍ഗൂല്‍ ജില്ലയില്‍ നടന്ന ഒരു പരിപാടിയില്‍ അദ്ദേഹത്തിനൊപ്പം ബി.ജെ.ഡിയിലെ നാല് എം.എല്‍.എമാരും പങ്കെടുത്തതോടെയാണ് അഭ്യൂഹത്തിന് തുടക്കമായത്. നേരത്തെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ സന്ദര്‍ശിച്ച് താന്‍ മത്സര രംഗത്തുണ്ടാകില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. താന്‍ മാധ്യമ പ്രവര്‍ത്തനത്തിലേക്ക് മാറുകയാണെന്നും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. അദ്ദേഹം ബി.ജെ.പിയിലേക്കു മാറിയേക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. അതേസമയം ദെന്‍കല്‍ സീറ്റില്‍ തന്റെ ഭാര്യ ആദിശയെ ബി.ജെ.പി ടിക്കറ്റില്‍ മത്സരിപ്പിക്കാനുള്ള നീക്കമാണ് തദാഗത നടത്തുന്നതെന്ന് ബി.ജെ.ഡി നേതാക്കള്‍ പറയുന്നു.
മുന്‍ എം.പി ദേബേന്ദ്ര സത്പതിയുടെയും മുന്‍ മുഖ്യമന്ത്രി നന്ദിനി സത്പതിയുടെയും മകനായ തദാഗത, ബിജുപട്‌നായിക്ക് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് അദ്ദേഹത്തിനൊപ്പം ജനതാദളില്‍ ചേര്‍ന്നത്.
ദെങ്കല്‍ സാദര്‍ മണ്ഡലത്തില്‍ മത്സരിച്ച് നിയമസഭയില്‍ എത്തുകയും ചെയ്തു. പിന്നീട് ബിജു പട്‌നായിക്ക് ബിജു ജനതാദള്‍ രൂപീകരിച്ചപ്പോള്‍ ആ പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം താമസിയാതെ ബിജോയ് മഹാപത്രയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഒഡിഷ ഗണപരിഷത്തില്‍ ചേര്‍ന്നു. എന്നാല്‍ തന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം വീണ്ടും ബി.ജെ.ഡിയില്‍ ചേര്‍ന്നു. ദെങ്കല്‍ മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം നാലുതവണയും ഇവിടെ നിന്ന് വിജയിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."