ശൈശവ വിവാഹം: ബോധവല്‍ക്കരണം നടത്തും
മലപ്പുറം: ശൈശവ വിവാഹം തടയുന്നതില്‍ ജനപ്രതിനിധികള്‍ക്കും അധ്യാപകര്‍ക്കും പ്രധാന പങ്ക് വഹിക്കാനാകുമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ. ജില്ലയില്‍ ശൈശവ വിവാഹങ്ങള്‍ ഇപ്പോഴും നടക്കുന്നതു ജില്ലാ വികസന സമിതിയില്‍ ചര്‍ച്ച ചെയ്യും. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെയും നഗരസഭകളുടെയും ആഭിമുഖ്യത്തില്‍ വിവിധ മത മേലാധികാരികളെ പങ്കെടുപ്പിച്ചു ശൈശവ വിവാഹത്തിനെതിരേ ബോധവല്‍ക്കരണം സംഘടിപ്പിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ശൈശവ വിവാഹ നിരോധന ഓഫിസര്‍മാരുടെ അവലോകന യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശൈശവ വിവാഹം ജില്ലയില്‍ എല്ലാ മതവിഭാഗങ്ങളിലും നടക്കുന്നതായി ചടങ്ങില്‍ സംസാരിച്ച ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഗീതാഞ്ജലി പറഞ്ഞു.
പ്ലസ്ടുവിനു ശേഷം മാത്രമേ കല്യാണം കഴിക്കൂവെന്ന് എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കളില്‍നിന്നും ഒപ്പിട്ടു വാങ്ങുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. വിവാഹം നടന്നതായി കണ്ടെത്തിയാലും തെളിവ് സംഘടിപ്പിക്കുന്നത് പലപ്പോഴും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വിവാഹം തടയുന്നതിന്റെ പേരില്‍ പലപ്പോഴും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍മാര്‍ക്കു ഭീഷണികളും വരാറുണ്ട്. പലയിടത്തും പൊലിസിന്റെ നിസഹകരണം പ്രയാസങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നും യോഗത്തില്‍ പരാതി ഉയര്‍ന്നു.
ശൈശവ വിവാഹത്തിനെതിരേ ബോധവല്‍ക്കരണം നടത്തുന്നതിനായി ജില്ലാ ലീഗല്‍ സര്‍വിസസ് സൊസൈറ്റി, സന്നദ്ധ സംഘടനകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ ജില്ലയിലെ പ്രധാന സ്ഥലങ്ങളില്‍ തെരുവുനാടകം, ഫ്‌ളാഷ് മോബ് തുടങ്ങിയവ സംഘടിപ്പിക്കും. സ്‌കൂളുകളില്‍ പി.ടി.എയുടെ സഹകരണത്തോടെ ബോധവല്‍ക്കരണം നടത്താനും തീരുമാനമായി. യോഗത്തില്‍ ജില്ലാ ലീഗല്‍ സര്‍വിസസ് സൊസൈറ്റി സെക്രട്ടറി ആര്‍. മിനി, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ കെ. കൃഷ്ണമൂര്‍ത്തി, മറ്റു വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."