കാട്ടാനയാക്രമണം; ഭീതിമാറാതെ ആനമൂളി
മണ്ണാര്‍ക്കാട്: കാട്ടാനയുടെ അക്രമണ ഭീതിയില്‍ നിന്ന് തെങ്കര ആനമൂളിയിലെ ജനം മോചിതരായിട്ടില്ല. വ്യാഴാഴ്ച രാവിലെയാണ് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തിന്റെ അക്രമത്തില്‍ ആനമൂളി സ്വദേശിനിയായ തലച്ചിറ വീട്ടില്‍ കല്ല്യാണി എന്ന ശോഭന മരണപ്പെട്ടത്. വനംവകുപ്പും, ജില്ലാ ഭരണകൂടവും ഉറപ്പ് നല്‍കിയ ആനകളെ തുരത്താനുളള പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാത്തത് വന്‍പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഭീതിപരത്തിയ കാട്ടാനക്കൂട്ടം വെളളിയാഴ്ചയും ജനവാസ മേഖലയോട് ചേര്‍ന്നുളള വനത്തില്‍ തന്നെ തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ ജൂണ്‍ 13ന് കാഞ്ഞിരപ്പുഴ പാമ്പന്‍തോട്ടില്‍ നിന്ന് പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ പിടിയാനക്കുട്ടിയെ തിരഞ്ഞെത്തിയ കാട്ടാനകൂട്ടമാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കഴിഞ്ഞ ഒരുമാസത്തോളമായി മേഖലയില്‍ ചുറ്റിത്തിരിയുന്ന കാട്ടാനകളെ തുരത്താനുളള നടപടികളൊന്നും തന്നെ വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങള്‍ പരാതിപ്പെടുന്നത്. സംഭവത്തില്‍ വനം വകുപ്പിന്റെ അനാസ്ഥ ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. ജനങ്ങള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ് ആനമൂളി. ഇവിടെ ഒറ്റയാന്റെ ശല്ല്യവുളളതായി നാട്ടുകാര്‍ പറയുന്നു.
വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ ട്രഞ്ചിങും, ഫെന്‍സിങും വേണമെന്ന ആവശ്യത്തിന് ഏറെ കാലപ്പഴക്കമുണ്ട്. എന്നാല്‍ അധികൃതര്‍ അനങ്ങാപാറ നയം സ്വീകരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. കാട്ടാനകളെ തുരത്താന്‍ മണ്ണാര്‍ക്കാട് ഡി.എഫ്.ഒ പരിധിയില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി) ഉണ്ടെങ്കിലും പ്രവര്‍ത്തനം പരിമിതമാണെന്ന് മാത്രമല്ല കാട്ടാനകളെ തുരത്താനുളള ആധുനിക സാമഗ്രികിളൊന്നുമില്ല.
പലപ്പോഴും നാട്ടുകാരാണ് ജീവന്‍പണയംവച്ച് കൃഷിയും, സ്വത്തും സംരക്ഷിക്കാന്‍ കാട്ടാനകളെ തുരത്തിയോടിക്കുന്നത്. ഇതോടൊപ്പം വനമേഖലയോട് ചേര്‍ന്നുളള ജനവാസ മേഖലയില്‍ പുലി ശല്യവും വര്‍ധിച്ചിട്ടുണ്ട്. ഉന്നത വനംവകുപ്പ് ഉദ്ദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് വന്യജീവികളില്‍ നിന്നു ജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും, ജീവന്‍ നഷ്ടപ്പെട്ട കുടുംബത്തിനും, കൃഷിനാശം സംഭവിച്ചവര്‍ക്കും പ്രഖ്യാപിച്ച നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."