പ്രതിഷ്ഠാദിനം ആഘോഷിച്ചു
ആറാട്ടുപുഴ: ശ്രീ ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഭക്തിയുടെ നിറവില്‍ ആഘോഷിച്ചു. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ട 14ാംമത് സംഗീതോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് തൃശൂര്‍ രാമകൃഷ്ണന്‍ മാസ്റ്ററും സംഘവും അവതരിപ്പിച്ച പഞ്ചരത്‌ന കീര്‍ത്തനാലാപനവുമുണ്ടായി.
രാവിലെ 5ന് താന്ത്രിക ചടങ്ങുകളോടെയാണ് പ്രതിഷ്ഠാദിന പരിപാടികള്‍ ആരംഭിച്ചത്. നവകം, പഞ്ചഗവ്യം എന്നിവക്ക് ശേഷം ശാസ്താ പ്രതിഷ്ഠയില്‍ മുറജപത്തോടുകൂടിയുള്ള കളഭാഭിഷേകം നടന്നു. തുടര്‍ന്ന് ശ്രീഭൂതബലി. താന്ത്രികച്ചടങ്ങുകള്‍ക്ക് തന്ത്രി കെ.പി ഉണ്ണി ഭട്ടതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
മതില്‍ക്കെട്ടിന് പുറത്ത് പ്രത്യേകം സജമാക്കിയ അന്നദാന മണ്ഡപത്തില്‍ രാവിലെ 10.30ന് ആരംഭിച്ച പ്രസാദ ഊട്ട് ഉച്ചതിരിഞ്ഞ് 4 വരെ നീണ്ടു. ദേശക്കാരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രസാദ ഊട്ട് വിഭവങ്ങള്‍ ആറാട്ടുപുഴ ദേശത്തെ അറുപതോളം വരുന്ന സ്ത്രീശക്തി കൂട്ടായ്മയാണ് ഭക്തജനങ്ങള്‍ക്കായി വിളമ്പിയത്. എഴുന്നെള്ളിപ്പില്‍ പങ്കെടുക്കുന്ന ഗജവീരന്മാര്‍ക്ക് ഊട്ട് നടത്തിയതിനു ശേഷമാണ് 3ന് എഴുന്നെള്ളിപ്പ് ആരംഭിച്ചത്. ഗജവീരന്‍ ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ ശാസ്താവിന്റെ തിടമ്പേറ്റി. അഞ്ചാനകളുടെ അകമ്പടിയോടെ പടിഞ്ഞാറെ നടപ്പുരയിലാണ് മേളം ആരംഭിച്ചത്.
പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരി മേളം ഉണ്ടായി. തലോര്‍ പീതാംബരന്‍ മാരാര്‍ വീക്കം ചെണ്ടയിലും, കൊടകര ശിവരാമന്‍ നായര്‍ കുറുങ്കുഴലിലും, മണിയാംപറമ്പില്‍ മണി നായര്‍ ഇലത്താളത്തിലും, കുമ്മത്ത് രാമന്‍കുട്ടി നായര്‍ കൊമ്പിലും പ്രമാണിമാരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."