ഇടത് സര്‍ക്കാര്‍ തൊഴിലാളിവിരുദ്ധ നിലപാട് സ്വീകരിക്കുമെന്ന് കരുതിയില്ല: വി.എസ്
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാര്‍ തൊഴിലാളിവിരുദ്ധ നിലപാട് സ്വീകരിക്കുമെന്ന് ആരും കരുതിയില്ലെന്ന് ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. പിരിച്ചുവിടപ്പെട്ട കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍മാരുടെ അനിശ്ചിതകാല നിരാഹാര സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആര്.ടി.സിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട കണ്ടക്ടര്‍മാരുടെ ദുരവസ്ഥക്കുമുന്നില് ജനകീയ സര്‍ക്കാര്‍ നിസ്സഹായത പ്രകടിപ്പിക്കരുത്. സാങ്കേതികത്വം ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് തടസമാകരുത്. സമരം തികച്ചും ജീവിത സമരമാണ്. സര്‍ക്കാര്‍ ഇടപെട്ട് ഇത് ന്യായമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് തൊഴിലാളികള്‍ ഉത്തരവാദികളല്ല. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍തന്നെ വഴികണ്ടെത്തണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പ് പ്രശ്നത്തിന് പരിഹാരമുണ്ടാകണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഇത് രാഷ്ട്രീയ സമരമല്ലെന്നും നിസ്സഹായത പ്രകടിപ്പിക്കുന്ന ഒരു സമൂഹത്തിന്റെ സമരമാണെന്നും തുടര്‍ന്നു സംസാരിച്ച കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന് പറഞ്ഞു. പിരിച്ചുവിടപ്പെട്ട കണ്ടക്ടര്‍മാര്‍ യഥാര്‍ഥത്തില്‍ ആത്മഹത്യയുടെ വക്കിലാണെന്നും അധികാരികള്‍ പ്രശ്നം വിലയിരുത്തണമെന്നും സുധീരന് ആവശ്യപ്പെട്ടു.
പെരുമ്പാവൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ കണ്ടക്ടറായിരുന്ന ഗീതയാണ് ഇന്നലെ എം പാനല്‍ കൂട്ടായ്മക്കുവേണ്ടി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."