വിഷുവിനെ വരവേല്‍ക്കാന്‍ നഗരമൊരുങ്ങി; തെരുവു വിപണി സജീവം
തലശ്ശേരി: വിഷുവിനെ വരവേല്‍ക്കാന്‍ മലയാളിക്കാവശ്യമായ മുഴുവന്‍ സാധനങ്ങളും നഗരത്തിലെ തെരുവു വിപണിയില്‍ സജീവം. തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ തെരുവോരങ്ങളില്‍ ഇതരസംസ്ഥന തൊഴിലാളികള്‍ വിവിധ സാധനങ്ങളുടെ വില്‍പന ആരംഭിച്ചു.
കുഞ്ഞുടുപ്പുകള്‍, കൈലി, തോര്‍ത്ത്, പാന്റ്‌സ്, ഷര്‍ട്ട്, സാരി, ചുരിദാര്‍ ഉള്‍പ്പെടെയുള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങള്‍, ചന്ദനത്തിരി, കളിമണ്‍ ചട്ടികള്‍, കലം, കുടുക്ക, കുട്ട്യാട്ടൂര്‍ മാമ്പഴം തുടങ്ങി വിവിധ സാധന സാമഗ്രികളാണ് തെരുവു വിപണിയെ സജീവമാക്കുന്നത്. പാലക്കാടന്‍ കൈത്തറി തുണികളും തെരുവു വിപണി കൈയടക്കിയിട്ടുണ്ട്.
ഇതിനാല്‍ സാധാരണക്കാര്‍ ഏറെയും ആശ്രയിക്കുന്നത് തെരുവ് വിപണിയെയാണ്. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ കാര്‍ പാര്‍ക്കിങ് കേന്ദ്രം, ജനറല്‍ ആശുപത്രിക്ക് മുന്‍വശം, ട്രാഫിക് പൊലിസ് സ്റ്റേഷന്‍ പരിസരം തുടങ്ങിയ ഇടങ്ങളിലും തെരുവു കച്ചവടം പൊടിപൊടിക്കുകയാണ്.കത്തുന്ന വേനലിലും തെരുവു കച്ചവടക്കാരെ ലക്ഷ്യമിട്ടാണ് ഭൂരിഭാഗം പേരും സാധനങ്ങള്‍ വാങ്ങാനെത്തുന്നത്.
ചൂടിനെ പ്രതിരോധിക്കാന്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയ കച്ചവടക്കാര്‍ താല്‍ക്കാലിക ടെന്റ് കെട്ടിയാണ് കച്ചവടം നടത്തുന്നത്.
പുതിയ ബസ്സ്റ്റാന്‍ഡിലേക്ക് പോകുന്ന ബൈപ്പാസ് റോഡിലും തെരുവു കച്ചവടക്കാര്‍ നിരന്നിട്ടുണ്ട്. കനത്ത വേനല്‍ ചൂട് കാരണം ജനങ്ങള്‍ രാവിലെയും വൈകിട്ടുമാണ് നഗരത്തിലെത്തുന്നത്. ഉച്ചസമയത്ത് നഗരത്തില്‍ ആളൊഴിഞ്ഞ അവസ്ഥയാണുള്ളത്.
ഞായറാഴ്ച തുണിക്കടകള്‍ ഉള്‍പ്പെടെ പല കടകളും തുറന്നു പ്രവര്‍ത്തിച്ചെങ്കിലും ആളുകള്‍ നന്നേ കുറവായിരുന്നു. വിഷുക്കണിയൊരുക്കാന്‍ മലയാളി തെരുവു വിപണിയെ കൂടുതല്‍ ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."