പദ്ധതികളെല്ലാം നിലച്ചു; തലശ്ശേരിക്കാര്‍ക്ക് ഇനിയാര് കുടിവെള്ളം നല്‍കും?
തലശ്ശേരി: കുടിവെള്ളക്ഷാമം പരിഹരിക്കാനായി ആവിഷ്‌കരിച്ച പദ്ധതികളെല്ലാം നിലച്ചത് ഒരു ലക്ഷത്തോളം വരുന്ന നഗരവാസികളെ ആശങ്കയിലാഴ്ത്തുന്നു. മുന്‍പെങ്ങുമില്ലാത്ത കുടിവെള്ള പ്രതിസന്ധിയാണ് തലശ്ശേരി നഗരസഭയിലെ ജനങ്ങള്‍ ഇപ്പോള്‍ നേരിടുന്നത്.
നഗരസഭയിലെ 52 വാര്‍ഡുകളിലും ശുദ്ധജലമെത്തിക്കുന്നതിന് കിയോസ്‌കുകള്‍ ആരംഭിക്കാന്‍ പദ്ധതി തയാറാക്കിയെങ്കിലും 19 എണ്ണം മാത്രമാണ് സ്ഥാപിച്ചത്. ശുദ്ധജലമുള്ള കിണറുകളില്‍ നിന്ന് മോട്ടോര്‍ വഴി വെള്ളം പമ്പ് ചെയ്ത് കിയോസ്‌കുകളില്‍ നിറയ്ക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ കൊടും വരള്‍ച്ച കാരണം കിണറുകളില്‍ വെള്ളം കുറഞ്ഞതോടെ പദ്ധതി അവതാളത്തിലായി.
കൂടാതെ റവന്യു വകുപ്പ് ഉദ്യോഗസ്ഥരില്‍ ചിലര്‍ കാണിച്ച തന്നിഷ്ടവും തിരിച്ചടിയായി. കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി നല്‍കുന്ന വില്ലേജ് ഓഫിസര്‍മാരാണ് തുടക്കത്തില്‍ തന്നെ പദ്ധതി താളംതെറ്റിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ നിര്‍ദേശിച്ച സ്ഥലങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാതെ വില്ലേജ് ഓഫിസര്‍മാര്‍ക്ക് താല്‍പര്യമുള്ള സ്ഥലങ്ങളിലേക്ക് മാറ്റിയതിനാല്‍ ജനങ്ങള്‍ക്ക് അതിന്റെ ഗുണം ലഭിച്ചില്ലെന്ന പരാതി ശക്തമാണ്.
ഇതിനിടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ കുടിവെള്ളത്തിനായി യൂഡിസ് മാറ്റ് പദ്ധതി രൂപീകരിച്ചെങ്കിലും വാട്ടര്‍ അതോറിറ്റിയുടെ കെടുകാര്യസ്ഥത കാരണം അതും പാതിവഴിയിലായി. കൊടുവള്ളിയിലെ ചിറക്കക്കാവിനു സമീപം വെള്ളം ശേഖരിക്കുന്നതിന് ടാങ്ക് നിര്‍മാണം ആരംഭിച്ചെങ്കിലും പൂര്‍ത്തിയായില്ല. വാട്ടര്‍ അതോറിറ്റി പദ്ധതിക്ക് തുരങ്കംവച്ചതോടെ കരാറുകാരന്‍ നിര്‍മാണ പ്രവൃത്തി ഉപേക്ഷിക്കുകയായിരുന്നു.
പ്രതിവര്‍ഷം 17 കോടി തലശ്ശേരി നഗരസഭാ ശമ്പളത്തിനും പെന്‍ഷനുമായ ചെലവഴിക്കുമ്പോഴും അടിസ്ഥാന ആവശ്യമായ കുടിവെള്ളത്തിന് ജനം അലയേണ്ട അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."