ബാലാവകാശ കമ്മിഷന്റെ ഉത്തരവിന് പുല്ലുവില; സ്‌കൂള്‍ പരിസരത്ത് ചെങ്കല്‍ ഖനനം തകൃതി
കേളകം: ബാലാവകാശ കമ്മീഷന്റെ ഉത്തരവ് കാറ്റില്‍ പറത്തി ചെട്ടിയാംപറമ്പ് ഗവ. യു.പി സ്‌കൂള്‍ പരിസരത്ത് ചെങ്കല്‍ ഖനനം തകൃതി. 2016 മാര്‍ച്ചില്‍ ബാലാവകാശ കമ്മിഷന്റെ നിര്‍ദ്ദേശാനുസരണം സ്‌കൂളിന്റെ 150 മീറ്റര്‍ ചുറ്റളവില്‍ ചെങ്കല്‍ ഖനനം പാടില്ലെന്ന് കളക്ടറും തഹസില്‍ദാരും ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സ്‌കൂള്‍ അടച്ചതോടെ കലക്ടറുടെയും തഹസില്‍ദാരുടെയും ഉത്തരവ് കാറ്റില്‍ പറത്തി ചെങ്കല്‍ ഖനനം വീണ്ടും തുടങ്ങുകയായിരുന്നു.
ഭരണ കക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ നാല് ഭാരവാഹികളാണ് നേതാക്കളുടെ സഹായത്തോടെ കല്ലുകൊത്ത് ആരംഭിച്ചത്. അനധികൃത ചെങ്കല്‍ ഖനനം നിര്‍ത്താന്‍ തഹസില്‍ദാര്‍ വില്ലേജ് ഓഫിസര്‍ മുഖേന 2016 മാര്‍ച്ച് മാസത്തില്‍ സ്വകാര്യ വ്യക്തികള്‍ക്ക് ഉത്തരവ് നല്കിയിരുന്നു.എന്നാല്‍ ഇതു പാലിക്കാതെയാണ് വീണ്ടും ഖനനം തുടങ്ങിയത്. കഴിഞ്ഞവര്‍ഷമാണ് സ്‌കൂളിനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഖനമാരംഭിച്ചത്.
ഖനനം നടക്കുന്നത് സ്‌കൂളിലോട് ചേര്‍ന്ന ഭാഗമായതിനാല്‍ സ്‌കൂള്‍ ഇടിഞ്ഞുവീഴുമെന്ന ഭീതിയില്‍ നിരവധി രക്ഷിതാക്കള്‍ കുട്ടികളുടെ ടിസി നല്‍കണമെന്നാവശ്യപ്പെട്ട് സ്‌കൂളിനെ സമീപിച്ചിരുന്നു. ചെങ്കല്‍ ഖനനം നടത്തുന്ന മേഖലകളില്‍ മഴക്കാലത്ത് വലിയ വെള്ളക്കെട്ടും രൂപപ്പെടുന്നത് രക്ഷിതാക്കളില്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നുണ്ട്.
നേരത്തെ വെള്ളക്കെട്ടില്‍ വീണ് ഒരു കുട്ടി മരിച്ചിരുന്നു. മഴക്കാലത്ത് എന്തു ധൈര്യത്തില്‍ കുട്ടികളെ സ്‌കുളിലേക്കയക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."