ലോകബാങ്ക് വായ്പക്ക് അംഗീകാരം; ആദ്യഗഡു 3500 കോടി
തിരുവനന്തപുരം: നവകേരള നിര്‍മിതിക്കായുള്ള ലോകബാങ്ക് വായ്പക്ക് മന്ത്രിസഭയുടെ അംഗീകാരം. 3,500 കോടി രൂപയാണ് വായ്പയുടെ ആദ്യഗഡുവായി സ്വീകരിക്കുന്നത്. 70:30 അനുപാതത്തിലാണ് വായ്പയെടുക്കുക. 1,500 കോടി രൂപ സര്‍ക്കാര്‍ സമാഹരിച്ച് നല്‍കും. ഇപ്രകാരം 5,000 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂണ്‍ മാസത്തോടെ വായ്പ ലഭ്യമാക്കാനാണ് തീരുമാനം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഇതിനുപുറമെ ദുരന്തനിവാരണം, പരിസ്ഥിതി, സ്ഥാപന ശാക്തീകരണം, വിവര സമുച്ചയങ്ങളുടെ ഉപയോഗം എന്നീ നാല് തലങ്ങളും ജലവിഭവം, ജലവിതരണം, സാനിറ്റേഷന്‍, നഗരമേഖല, റോഡുകളും പാലങ്ങളും, ഗതാഗതം, വനം, കൃഷിയും അനുബന്ധ മേഖലകളും, മത്സ്യബന്ധനം, ഉപജീവനം, ഭൂവിനിയോഗം എന്നീ 11 മേഖലകളും ഉള്‍പ്പെടുന്ന റീബില്‍ഡ് കേരള വികസന പദ്ധതിയുടെ കരട് രേഖയും മന്ത്രിസഭ പരിഗണിച്ചു.
ഈ രേഖ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിലയിരുത്തും. പ്രവാസി മലയാളികളുടെയും കേരളത്തിനകത്തും പുറത്തും താമസിക്കുന്ന വിദഗ്ധരുടെയും നിര്‍ദേശങ്ങളടങ്ങിയതാണ് കരട് രേഖ. പുറമ്പോക്കില്‍ താമസിക്കുന്ന പ്രളയബാധിത കുടുംബങ്ങള്‍ക്ക് ചുരുങ്ങിയത് മൂന്ന് സെന്റോ പരമാവധി അഞ്ച് സെന്റോ പതിച്ചുനല്‍കാനും മന്ത്രിസഭാ യോഗം തീരുമനിച്ചു. ഇവിടെ പുതിയ വീട് നിര്‍മിക്കാന്‍ നാലുലക്ഷം രൂപ അനുവദിക്കും.
സര്‍ക്കാര്‍ വക ഭൂമി ലഭ്യമല്ലെങ്കില്‍ ചുരുങ്ങിയത് മൂന്ന് സെന്റ് വാങ്ങുന്നതിന് പരമാവധി ആറുലക്ഷം രൂപയും നല്‍കും. ഇത്തരത്തില്‍ വാങ്ങിയ സ്ഥലത്ത് വീട് നിര്‍മിക്കാന്‍ പരമാവധി നാലു ലക്ഷം രൂപ അനുവദിക്കും. ഇതിന് വേണ്ടിവരുന്ന ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."