ബദിയഡുക്ക പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ ജോലിക്ക് ഹാജരാകുന്നില്ലെന്ന്
ബദിയഡുക്ക: കെഎസ്ഇബി ബദിയഡുക്ക സെക്ഷന്‍ ഓഫിസിലെ ജീവനക്കാര്‍ ജോലിയില്‍ ഹാജരാകാത്തത് വിവാദമായതിന് പിന്നലെ ബദിയഡുക്ക പഞ്ചായത്ത് പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനിയറും പഞ്ചായത്തില്‍ കൃത്യമായി ഹാജരാകുന്നില്ലെന്നാണ് പരാതി. ഒരു മാസത്തോളമായി എഞ്ചിനിയര്‍ ഓഫിസില്‍ ഹാജരായിട്ടില്ലെന്ന് മറ്റു ജീവനക്കാര്‍ തന്നെ പറയുന്നു.
ഇതുമൂലം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, കാലവര്‍ഷ കെടുതി റിപ്പോര്‍ട്ട് തുടങ്ങി പല അടിയന്തിര ജോലികളും തടസ്സപ്പെട്ടിരിക്കുകയാണ്.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ പൂര്‍ണ്ണ ചുമതലയുള്ള അസിസ്റ്റന്റ് എന്‍ജിനിയര്‍ക്കാണ് ബദിയഡുക്ക പഞ്ചായത്തിലെ അധിക ചുമതല വഹിക്കുന്നത്. നേരത്തേ അഞ്ചോളം പഞ്ചായത്തുകളുടെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെയും ബദിയഡുക്ക പഞ്ചായത്തിന്റെ ചുമതല മാത്രമാണുള്ളത്.
അതേ സമയം ഒരു മാസമായിട്ടും ജോലിക്ക് ഹാജരാകാത്ത എഞ്ചിനിയറെ ബന്ധപ്പെടാന്‍ പ്രസിഡന്റും സെക്രട്ടറിയും ശ്രമിക്കുന്നുണ്ടെങ്കിലും ഫോണ്‍ അറ്റന്റ് ചെയ്യുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണ ഭട്ട് പറഞ്ഞു. അസിസ്റ്റന്റ് എന്‍ജിനിയര്‍ ഇല്ലാത്തതാണ് പ്രധാന കാരണം.
മാത്രവുമല്ല സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം കാലവര്‍ഷക്കെടുതി മൂലം തകരുന്ന വീടുകളുടെ നഷ്ടം തിട്ടപെടുത്തി റിപ്പോര്‍ട്ട് നല്‍കേണ്ടതും പഞ്ചായത്ത് എഞ്ചിനിയറാണ്.
കാലവര്‍ഷം തുടങ്ങിയതോടെ പഞ്ചായത്ത് പരിധിയില്‍ ഒന്‍പത് വീടുകള്‍ പൂര്‍ണ്ണമായും പതിനഞ്ചോളം വീടുകള്‍ ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടും നല്‍കിയിട്ടില്ല. അത്‌പോലെ തന്നെ പുതിയ വീട് നിര്‍മ്മാണത്തിനുള്ള ഗ്രാമ പഞ്ചായത്തിന്റെ അനുമതിക്കായി സമര്‍പ്പിച്ച 35 അപേക്ഷകള്‍ എ ഇ യുടെ മുന്നില്‍ കെട്ടികിടക്കുകയാണ്. പഞ്ചായത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പദ്ധതി സമര്‍പ്പണവും നിലച്ചമട്ടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."