കശ്മിരില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി
തിരുവനന്തപുരം: ജമ്മുകശ്മിരില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ച ജവാന്‍ കണ്ണൂര്‍ മട്ടന്നൂര്‍ കൊടോളിപ്രം സ്വദേശി സി. രതീഷിന്റെ ഭാര്യ എ. ജ്യോതി കൃഷ്ണകുമാറിന് നിയമനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
പൊതുഭരണ വകുപ്പില്‍ അസിസ്റ്റന്റായായിരിക്കും നിയമനം നല്‍കുക. നിലവില്‍ ഒഴിവില്ലെങ്കില്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കാനാണ് തീരുമാനം. 2016 ഡിസംബര്‍ 17ന് ശ്രീനഗര്‍- ജമ്മു ദേശീയപാതയില്‍ സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തിലാണ് രതീഷ് വീരമൃത്യു വരിച്ചത്. ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തേ ഉറപ്പുനല്‍കിയിരുന്നെങ്കിലും നടപ്പായില്ല. കഴിഞ്ഞ രണ്ടര വര്‍ഷമായി ഇദ്ദേഹത്തിന്റെ ഭാര്യ ജോലിക്കായി ഓഫിസുകള്‍ കയറിയിറങ്ങുകയായിരുന്നു. ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് മന്ത്രിസഭായോഗം ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."