ചൈനയുടെ പാവയെന്ന് ആരോപണം
വാഷിങ്ടണ്‍: കൊവിഡ് വ്യാപന വിഷയത്തില്‍ ലോകാരോഗ്യ സംഘടനയേയും ചൈനയേയും വിമര്‍ശിക്കുന്നത് നിര്‍ത്താതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകാരോഗ്യ സംഘടന ചൈനയുടെ പാവയാണെന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം ആരോപിച്ചത്. ലോകാരോഗ്യ സംഘടനയുടെ കാര്യത്തില്‍ വൈകാതെ തന്നെ അമേരിക്ക ഒരു തീരുമാനത്തിലെത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.
ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് നേരത്തേ അമേരിക്ക നിര്‍ത്തിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രസ്താവനയുമായി ട്രംപ് എത്തിയിരിക്കുന്നത്. അമേരിക്കയാണ് സംഘടനയ്ക്കു കൂടുതല്‍ ഫണ്ട് നല്‍കിക്കൊണ്ടിരുന്നതെന്നും എന്നാല്‍, അവരുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്നും ട്രംപ് ആരോപിച്ചു. ചൈന പറയുന്നതു മാത്രമാണ് ശരിയെന്നാണ് സംഘടനയുടെ നിലപാട്. അത് സ്വീകാര്യമല്ലെന്നും സംഘടന ചൈനയുടെ പാവയായി മാറിയെന്നും ആരോപിച്ച ട്രംപ്, ലോകാരോഗ്യ സംഘടനയ്ക്കു ബദലൊരുക്കുമെന്ന സൂചനയും നല്കി.
നേരത്തെ, ചൈനയിലെ ലാബില്‍നിന്നാണ് കൊറോണ വൈറസ് നിര്‍മിക്കപ്പെട്ടതെന്ന ആരോപണവുമായി അമേരിക്ക രംഗത്തെത്തിയിരുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, അമേരിക്കയുടെ ആരോപണം ലോകാരോഗ്യ സംഘടന തള്ളി.
ഇതോടെയാണ് സംഘടനയ്ക്കുള്ള ഫണ്ട് അമേരിക്ക നിര്‍ത്തിവച്ചത്. ഇതിനുപിന്നാലെ, കൊവിഡ് വ്യാപനം തടയുന്നതില്‍ സംഘടന പരാജയപ്പെട്ടെന്ന് ആരോപിച്ചും ട്രംപ് രംഗത്തെത്തി.
എന്നാല്‍, ഈ ആരോപണങ്ങളെല്ലാം ചൈനയും ലോകാരോഗ്യ സംഘടനയും നിരന്തരം നിഷേധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."