പ്രതീക്ഷയുടെ ചൂളംവിളി; ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് ബജറ്റില്‍ 25 കോടി
ഗുരുവായൂര്‍: നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമാകുന്ന കിഴക്കെ നടയിലെ നിര്‍ദ്ദിഷ്ട മേല്‍പ്പാലത്തിന് സംസ്ഥാന ബജറ്റില്‍ 25 കോടി രൂപ വിലയിരുത്തി. ഏറെ പ്രതീക്ഷയോടെയാണ് ഗുരുവായൂര്‍ ജനത ഈ പ്രഖ്യാപനത്തെ വരവേല്‍ക്കുന്നത്. നഗരകവാടത്തില്‍ തന്നെ സ്ഥിതിചെയ്യുന്ന റെയില്‍വേ ഗേറ്റ് ട്രെയിനുകള്‍ കടന്നുപോകുന്നതിനും എഞ്ചിന്‍ മാറ്റാനുമൊക്കെയായി ദിവസം 30 തവണയാണ് അടയ്ക്കുന്നത്.
ഓരോ തവണയും ഗെയ്റ്റ് അടയ്ക്കുമ്പോള്‍ വാഹനനിര കിലോമീറ്ററുകള്‍ നീളും. നഗരത്തിലെ ഗതാഗതത്തേയും ഇത് ദോഷമായി ബാധിക്കുന്നു. ഗെയ്റ്റ് അടയ്ക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളും ഗെയ്റ്റിന്റെ തകരാര്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും നിരവധി. ഗുരുവായൂരില്‍ മേല്‍പ്പാലം വേണമെന്ന ആവശ്യത്തിന് തൃശ്ശൂര്‍-ഗുരുവായൂര്‍ റെയില്‍പ്പാത തുടങ്ങിയ കാലംമുതലേ പഴക്കമുണ്ട്. നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും ഇതിനായി സംഘടിപ്പിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ മേല്‍പ്പാല നിര്‍മാണത്തിന് സര്‍വേ നടത്തിയിരുന്നു.
നാലു വര്‍ഷം മുന്‍പ് റോഡ്‌സ് & ബ്രിഡ്ജ്‌സ് കോര്‍പ്പറേഷന്‍ 30 കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു. എന്നാല്‍ പദ്ധതി വിഹിതത്തിന്റെ 50ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന ഉപാധിയില്‍ പദ്ധതി എങ്ങുമെത്തിയില്ല.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ മേല്‍പ്പാലം പ്രഖ്യാപിച്ചിരുന്നെങ്കിലും ഭരണം മാറിയത് വിനയായി. സ്ഥലം ഏറ്റെടുത്തുകൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. 15 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടതായി വരും.
കൂടാതെ കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാര്‍ക്ക് പരിഹാരതുകയും നല്‍കണം. 25 കോടി രൂപ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമ്പോഴേക്കും കേന്ദ്രസര്‍ക്കാര്‍ അടുത്ത ഘട്ടം തുക അനുവദിക്കുമെന്നാണ് പ്രഖ്യാപിക്കുന്നത്. അമൃത്, പ്രസാദം പദ്ധതികള്‍ തുടങ്ങി കേന്ദ്രപദ്ധതികള്‍ക്കായി ഗുരുവായൂരിനെ തെരഞ്ഞെടുത്ത് അനുഭാവം കാണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കൈവിടില്ലെന്നാണ് ജനം കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."