വമ്പന്‍മാരെ വാഴിച്ചു, ഒടുവില്‍ ചരിത്രത്തിലേക്ക് മാഞ്ഞു
#യു.എച്ച് സിദ്ദീഖ്
ആലപ്പുഴ: പ്രമുഖരെ വാഴിച്ചത് ഉള്‍പ്പെടെ ഒരു ഡസനോളം മണ്ഡലങ്ങളാണ് ചരിത്രത്തിലേക്ക് മാഞ്ഞുപോയത്. പനമ്പള്ളി ഗോവിന്ദമേനോനും കെ. കരുണാകരനും പി.കെ.വിയും തുടങ്ങി സാഹിത്യകാരന്‍ എസ്.കെ പൊറ്റെക്കാട്ട് വരെ ജനവിധി തേടി ജനപ്രതിനിധികളായ പല മണ്ഡലങ്ങളും ഇപ്പോള്‍ ആ പേരിലില്ല.
പി.കെ.വി മത്സരിച്ച മൂന്നു മണ്ഡലങ്ങളാണ് ചരിത്രത്തിന്റെ ഭാഗമായത്. നാലു തവണയാണ് സി.പി.ഐ നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന പി.കെ വാസുദേവന്‍നായര്‍ ലോക്‌സഭയിലേക്ക് അങ്കത്തിനിറങ്ങിയത്. നാലിടത്തും ജയിച്ചു. ആദ്യ മത്സരം തിരുവല്ലയില്‍ നിന്നായിരുന്നു. 1957ല്‍. 1962ല്‍ അമ്പലപ്പുഴയും 67ല്‍ പീരുമേടും 2004 ല്‍ തിരുവനന്തപുരവുമായിരുന്നു തട്ടകങ്ങള്‍. പി.കെ.വി മത്സരിച്ച ആദ്യ മൂന്ന് മണ്ഡലങ്ങളും ചരിത്രത്തിലേക്കു മാഞ്ഞുപോയി. തിരുവനന്തപുരം മാത്രമാണ് ഇന്നും മാറ്റമില്ലാതെ തുടരുന്നത്. തിരുവനന്തപുരം അതേ പേരില്‍ തന്നെ നിലനില്‍ക്കുന്നുണ്ടെങ്കിലും കാലാവധി പൂര്‍ത്തിയാകും മുമ്പ് 2005 ല്‍ പി.കെ.വി മറഞ്ഞു.
സി.പി.എം നേതാവായിരുന്ന സുശീല ഗോപാലന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളും ഇന്നില്ല. അമ്പലപ്പുഴയും ചിറയിന്‍കീഴും. ചിറയിന്‍കീഴ് വയലാര്‍ രവിയെയും വര്‍ക്കല രാധാകൃഷ്ണനെയും എ.എ റഹിമിനെയും തലേക്കുന്നില്‍ ബഷീറിനെയും ലോക്‌സഭയിലെത്തിച്ച മണ്ഡലം കൂടിയാണ്. കേരളത്തില്‍ 12 ലോക്‌സഭാ മണ്ഡലങ്ങളാണ് പലഘട്ടങ്ങളിലായി ഇല്ലാതായത്.
2009 ല്‍ ആറു മണ്ഡലങ്ങള്‍ ഇല്ലാതായി. രണ്ടു മുന്‍ മുഖ്യമന്ത്രിമാര്‍ ജനവിധി തേടിയ മുകുന്ദപുരം അതിലൊന്നാണ്. 1962ലും 6ലും പനമ്പള്ളി ഗോവിന്ദമേനോനും 1999ല്‍ കെ. കരുണാകരനും മുകുന്ദപുരത്തുനിന്ന് ജനവിധി തേടിയിരുന്നു.
മൂന്നു തവണ മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണനെ ലോക്‌സഭയിലെത്തിച്ച ഒറ്റപ്പാലം, പി.സി തോമസിനെ ആറു തവണ എം.പിയാക്കിയ മൂവാറ്റുപുഴ, മുസ്്‌ലിംലീഗിന്റെ കുത്തകയായിരുന്ന മഞ്ചേരി, കൊടിക്കുന്നില്‍ സുരേഷ് അഞ്ചുതവണ പ്രതിനിധീകരിച്ച സംവരണ സീറ്റായ അടൂര്‍ എന്നിവയും 2009ല്‍ ഇല്ലാതായി. എന്നാല്‍ 1951ല്‍ ഉണ്ടായിരുന്ന മലപ്പുറം അതേനാമത്തില്‍ തന്നെ 2009ല്‍ തിരിച്ചെത്തി.
സാഹിത്യകുലപതി എസ്.കെ പൊറ്റെക്കാട്ടും (സി.പി.ഐ സ്വതന്ത്രന്‍ -1962) പാട്യം ഗോപാലനും (സി.പി.എം-1967) സി.കെ ചന്ദ്രപ്പനും (സി.പി.ഐ-1971) പ്രതിനിധീകരിച്ച തലശ്ശേരി മണ്ഡലവും ചരിത്രത്തിന്റെ ഭാഗമായി.
1951 മുതല്‍ 71 വരെ അഞ്ചു പേരാണ് തലശ്ശേരിയുടെ ജനപ്രതിനിധികളായത്. ജനതാ ഭരണകാലത്ത് തൊഴില്‍ മന്ത്രിയായിരുന്ന ജി. രവീന്ദ്രവര്‍മ അതിനു മുമ്പ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച മണ്ഡലമായ തിരുവല്ലയും മാഞ്ഞുപോയി.
1951ല്‍ മാത്രം നിലവിലുണ്ടായിരുന്ന മൂന്നു മണ്ഡലങ്ങളായിരുന്നു മീനച്ചിലും കൊടുങ്ങല്ലൂരും മലപ്പുറവും. പി.ടി ചാക്കോ ജയിച്ച മീനച്ചില്‍ 1953ല്‍ ഉപതെരഞ്ഞെടുപ്പിനും സാക്ഷ്യംവഹിച്ച മണ്ഡലമാണ്. പി.ടി ചാക്കോയുടെ രാജിയെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."