നാട്ടുകാരുടെ ശ്രമദാനം; തോട് മാലിന്യമുക്തമായി
തളിപ്പറമ്പ്: 'ഹരിത കേരളം' പദ്ധതിയുടെ ഭാഗമായി ആന്തൂര്‍ നഗരസഭയിലെ പുന്നക്കുള്ളങ്ങര മുതല്‍ കാനൂല്‍ അണക്കെട്ട് വരെയുള്ള ആറു കിലോമീറ്റര്‍ ദൂരത്തില്‍ തോട്ടിലുണ്ടായിരുന്ന പ്ലാസ്റ്റിക് ചെരുപ്പുകളും കുപ്പികളും പ്ലാസ്റ്റിക് കവറുകളുമടങ്ങുന്ന മാലിന്യങ്ങള്‍ നാട്ടുകാര്‍ ശേഖരിച്ചു. രാവിലെ ഏഴിന് ആരംഭിച്ച ശുചീകരണ യജ്ഞത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. തോട്ടില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നഗരസഭാ സൂക്ഷിപ്പു കേന്ദ്രത്തിലെത്തിക്കും.
മാലിന്യങ്ങള്‍ കൂടിച്ചേര്‍ന്നതിനാല്‍ ഇവ റീസൈക്ലിങ് യൂനിറ്റിലേക്ക് അയക്കാന്‍ സാധിക്കില്ലെന്നും പദ്ധതിയുടെ ഭാഗമായി വീടുകളില്‍ നിന്ന് പത്തു രൂപ ഈടാക്കി ശുചീകരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് റീസൈക്ലിങ് യൂനിറ്റില്‍ എത്തിക്കുന്ന പദ്ധതി നഗരസഭ വിജയകരമായി നടപ്പിലാക്കി വരുന്നുണ്ടെന്നും കൗണ്‍സിലര്‍ പറഞ്ഞു. തുടര്‍ പ്രവര്‍ത്തനമായി പൊതുകിണറുകള്‍, കുളങ്ങള്‍, നീരുറവകളും മറ്റു ജലസ്രോതസുകളും സംരക്ഷിക്കും.
'പ്ലാസ്റ്റിക് ഒഴിവാക്കൂ ഭൂമിയെ രക്ഷിക്കൂ' 'ക്ലീന്‍ ആന്തൂര്‍ ഗ്രീന്‍ ആന്തൂര്‍' 'ജലസംരക്ഷണം ജലമിതവ്യയം' തുടങ്ങിയ സന്ദേശമുയര്‍ത്തി നടന്ന ശുചീകരണ പരിപാടി ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ പി.കെ ശ്യാമള ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ടി.പി സുരേഷ്ബാബു അധ്യക്ഷനായി. പി. മനോഹരന്‍ സ്വാഗതം പറഞ്ഞു. പി.കെ മുജീബ് റഹ്മാന്‍, കെ.പി നന്ദനന്‍ ശുചീകരണ പ്രവൃത്തിക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."