കേന്ദ്രസര്‍ക്കാര്‍ 12 ലക്ഷം കോടി രൂപ കടമെടുക്കും
ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 12 ലക്ഷം കോടി രൂപ (16,000 കോടി ഡോളര്‍) കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. 2021 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തികവര്‍ഷത്തിനുള്ളില്‍ തുക കടമെടുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 7.8 ലക്ഷം കോടി കടമെടുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
ഇപ്പോള്‍ കടപത്രങ്ങള്‍ വഴി ഓരോ ആഴ്ചയും 30,000 കോടി രൂപ സമാഹരിക്കും. കൊവിഡിനെ തുടര്‍ന്ന് അഭിമുഖീകരിക്കേണ്ടി വരുന്ന വരുമാന നഷ്ടം കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ കടമെടുക്കുന്ന തുക കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്.
19,000 കോടി മുതല്‍ 21,000 കോടി വരെ സമാഹരിക്കുമെന്നായിരുന്നു മാര്‍ച്ചില്‍ അറിയിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ തുക ആവശ്യമായി വരുന്നതിനാലാണ് കടമെടുക്കുന്ന തുക വര്‍ധിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ ലോക്ക്ഡൗണ്‍ എട്ട് ആഴ്ചയോളം നീളുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പൂജ്യത്തിലേക്ക് എത്തുമെന്ന് റേറ്റിങ് ഏജന്‍സിയായ മൂഡി പ്രവചിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."