നാട്ടിലേക്കുപോയ അതിഥി തൊഴിലാളികള്‍ ദുരിതത്തില്‍
കോഴിക്കോട്: കേരളത്തിന്റെ താങ്ങുംതണലും അനുഭവിച്ച് നാട്ടിലേക്കുപോയ അതിഥി തൊഴിലാളികളില്‍ പലരും സ്വന്തം നാട്ടില്‍ ദുരിതത്തില്‍. ആഴ്ചകള്‍ നീണ്ട ലോക്ക് ഡൗണ്‍ കാത്തിരിപ്പിനുശേഷം സ്വന്തം നാടുകളിലേക്ക് പ്രത്യേക ട്രെയിനുകളില്‍ പോയ തൊഴിലാളികളാണ് ശ്രദ്ധയോ, പരിചരണമോ, ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ഇല്ലാതെ തങ്ങളുടെ നാടുകളിലെ ക്യാംപുകളില്‍ കഴിയുന്നത്. പലരും തങ്ങളുടെ ദുരവസ്ഥ കേരളത്തിലെ സുഹൃത്തുക്കളെയും മറ്റും അറിയിക്കുകയായിരുന്നു. കേരളത്തില്‍നിന്നു ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുപോയ അതിഥി തൊഴിലാളികള്‍ക്കാണ് ഈ ദുര്യോഗമുണ്ടായിരിക്കുന്നത്.
ബിഹാറിലെ കടിഹാര്‍ ജില്ലയിലെ ഒരു ക്യാംപില്‍ കഴിയുന്ന കേരളത്തില്‍നിന്നു പോയവരുള്‍പ്പെടെയുള്ള 90 നടുത്ത് തൊഴിലാളികള്‍ നേരത്തിന് ഭക്ഷണമോ കുടിവെള്ളമോപോലും ലഭിക്കാതെ കഷ്ടപ്പെടുകയാണ്. കേരളത്തില്‍ തിരൂരില്‍നിന്നു പുറപ്പെട്ടവരുള്‍പ്പെടെ 34 പേരാണ് കടിഹാറിലെ നൗറസിയ സ്‌കൂളിലെ ക്യാംപിലുള്ളത്. ഡല്‍ഹിയില്‍നിന്നു വന്നവരും ഈ ക്യാംപിലുണ്ട്. നേരത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും തങ്ങള്‍ കുടിക്കുന്നത് കുഴല്‍ കിണറ്റിലെ മലിനജലമാണെന്നും ഇവര്‍ അയച്ച വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഒരിക്കല്‍പോലും ആരോഗ്യപ്രവര്‍ത്തകര്‍ ഇവരെ സന്ദര്‍ശിച്ചിട്ടില്ല. പട്‌നയിലെ ധാനാപൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറക്കിയ ഇവരെ ബസുകളിലാണ് അതത് ജില്ലകളില്‍ എത്തിച്ചത്. 14 ദിവസത്തെ ക്വാറന്റൈയിന്‍ നിശ്ചയിച്ച് സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള ക്യാംപുകളിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നും തങ്ങള്‍ക്ക് കിട്ടിയ പരിചരണം പോലും സ്വന്തം നാട്ടില്‍ ലഭിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. സംഭവം അറിഞ്ഞ കേരളത്തിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ കാടിഹാര്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ജില്ലാ മജിസ്‌ട്രേറ്റ് ക്യാംപ് സന്ദര്‍ശിക്കുകയും അതിനു ശേഷം ഉച്ചഭക്ഷണം ഇവര്‍ക്ക് ലഭിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."