ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ പി.എസ്.ജി
പാരിസ്: ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കാനൊരുങ്ങി പി.എസ്.ജി. കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സ്വന്തം തട്ടകത്തില്‍ ഇന്ന് മറിച്ചിടാനായാല്‍ പി.എസ്.ജിക്ക് ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കാം.
പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പി.എസ്.ജി ജയം സ്വന്തമാക്കിയിരുന്നു. ഇന്നത്തെ മത്സരത്തില്‍ സമനിലയോ ജയമോ കണ്ടെത്തിയാല്‍ പി.എസ്.ജിക്ക് ക്വാര്‍ട്ടറിലേക്ക് മുന്നേറാം. അതേസമയം, മൂന്ന് ഗോളിനെങ്കിലും ജയിച്ചാല്‍ മാത്രമേ സോല്‍ഷ്യാറുടെ കുട്ടികള്‍ക്ക് ക്വാര്‍ട്ടറില്‍ പ്രവേശിക്കാനാകൂ. പരുക്കേറ്റ ബ്രസീലിയല്‍ താരം നെയ്മര്‍ ഇല്ലാതെയാണ് പി.എസ്.ജി ഇന്ന് ഇറങ്ങുന്നത്. ആദ്യ പാദത്തിലും നെയ്മര്‍ കളിച്ചിരുന്നില്ല. എങ്കിലും പി.എസ്.ജിക്ക് രണ്ട് ഗോളിന്റെ ജയം സ്വന്തമാക്കാന്‍ സാധിച്ചു. ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, ഉറുഗ്വെ താരം എഡിസണ്‍ കവാനി, അര്‍ജന്റീനിയന്‍ താരം ഡി മരിയ എന്നിവരുടെ കരുത്തിലായിരുന്നു പി.എസ്.ജി വെന്നിക്കൊടി പാറിച്ചത്. 2-0 എന്ന അഗ്രഗേറ്റുള്ളതിനാല്‍ പി.എസ്.ജിക്ക് ഇന്ന് കാര്യമായ ഭയമൊന്നുമില്ലെങ്കിലും യുനൈറ്റഡിനോട് പ്രതിരോധിച്ച് നിന്നാല്‍ ക്വാര്‍ട്ടര്‍ ഉറപ്പാക്കാം. അതേസമയം, മുന്‍നിര താരങ്ങളൊന്നും ഇല്ലാതെയാണ് യുനൈറ്റഡ് മത്സരത്തിനായി പാരിസിലെത്തിയിട്ടുള്ളത്. ആന്റണി മാര്‍ഷ്യല്‍, ജെസി ലിംഗാര്‍ഡ്, ആന്‍ഡര്‍ ഹെരേര എന്നിവര്‍ ഇന്ന് കളിക്കില്ല.
പരുക്കിന്റെ പിടിയിലായ അലക്‌സി സാഞ്ചസ്, പി.എസ്.ജിയുമായിട്ടുള്ള ആദ്യ പാദ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ, മാറ്റിച്ച് എന്നിവരെല്ലാം യുനൈറ്റഡ് നിരയില്‍ നിന്ന് പുറത്തായിരിക്കും. ഇത് പി.എസ്.ജിക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്. ലിംഗാര്‍ഡും മാര്‍ഷ്യലും ഇല്ലാത്ത യുനൈറ്റഡ് മുന്നേറ്റനിരക്ക് ഇന്ന് ഗോള്‍ കണ്ടെത്താനാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടി വരും. മറ്റൊരു മത്സരത്തില്‍ പോര്‍ട്ടോ റോമയെ നേരിടും. റോമയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് റോമ ജയിച്ചിരുന്നു.
ഇന്ന് പോര്‍ട്ടോയുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ജയം തുടരാനായാല്‍ ഇറ്റാലിയന്‍ സംഘത്തിന് ക്വാര്‍ട്ടറിലെത്താം. അതേസമയം, സ്വന്തം മൈതാനത്ത് രണ്ട് ഗോളിനെങ്കിലും ജയിച്ചാല്‍ മാത്രമേ പോര്‍ട്ടോക്ക് ക്വാര്‍ട്ടര്‍ സ്വപ്നം കാണേണ്ടതുള്ളു. പോര്‍ച്ചുഗീസ് താരം പെപെയാണ് പോര്‍ട്ടോയുടെ പ്രതിരോധത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നത്.
ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ കളിച്ച് റെക്കോര്‍ഡ് സ്ഥാപിച്ച സ്പാനിഷ് താരം കസിയസാണ് പോര്‍ട്ടോയുടെ വല കാക്കുന്നത്. മിന്നുന്ന ഫോമിലുള്ള സെക്കോ, സാനിയോലെ എന്നീ താരങ്ങളിലാണ് റോമയുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."