രണ്ടുവര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് തേടി
കിനാലൂര്‍: വനിതാ സിവില്‍ പൊലിസ് ഓഫിസര്‍ തസ്തികയിലേക്ക് കായികക്ഷമതാ പരീക്ഷ കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും നിയമന നടപടി ആരംഭിക്കാത്തതിനെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
ജൂണ്‍ എട്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പി.എസ്.സി സെക്രട്ടറിയോട് കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് ആവശ്യപ്പെട്ടത്. 2018 ജൂലൈ 22 പരീക്ഷ എഴുതി കായികക്ഷമത പാസായ ഉദ്യോഗാര്‍ഥികളാണ് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയത്. ഇവര്‍ക്കൊപ്പം പരീക്ഷ എഴുതിയ പുരുഷ സിവില്‍ പൊലിസ് ഓഫിസര്‍ തസ്തികയുടെ റാങ്ക് ലിസ്റ്റ് 2019 ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കുകയും മൂവ്വായിരത്തോളം പേര്‍ക്ക് നിയമന ശുപാര്‍ശയും നല്കി.
ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട രണ്ട് ഉദ്യോഗാര്‍ഥികള്‍ വാങ്ങിയ കോടതി വിധിയാണ് നിയമനം നല്‍കുന്നതിന് തടസമായി പി.എസ്.സി പറയുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. രണ്ട് പേരുടെ കായികക്ഷമതാ പരീക്ഷ നടത്തിയാല്‍ മാത്രമേ രണ്ടായിരം ഉദ്യോഗാര്‍ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കഴിയുകയുള്ളൂ.
അതേസമയം ഒരിക്കല്‍ കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാതിരുന്നാല്‍ മറ്റൊരു അവസരം നല്‍കുന്നതല്ലെന്ന് പി.എസ്.സി വിജ്ഞാപനത്തില്‍ പറയുന്നുണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ കമ്മിഷന് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."